നിയാസ് മുസ്തഫ
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ഇതാണ് ബിഹാറിൽ ബിജെപിയുടെ അവസ്ഥ.സംസ്ഥാനത്ത് ജാതി സെൻസസ് നടത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നോട്ട് പോകുന്പോൾ ശരിക്കും വെട്ടിലായത് ബിജെപി ആണ്.
കാരണം ജാതി സെൻസസ് എന്നത് ബിജെപിക്ക് അത്ര ദഹിക്കുന്ന ഒന്നല്ല.നിതീഷ് കുമാറിന്റ ജെഡിയുവുമായി ബിജെപി അധികാരം പങ്കിടുന്പോൾ തന്നെ നിതീഷ് കുമാറിനെ ഈ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഒന്നും ചെയ്യാൻ ബിജെപിക്ക് കഴിയുന്നുമില്ല.
ഇതിന്റെ പ്രധാന കാരണം പ്രതിപക്ഷമായ ആർജെഡി ജാതി സെൻസസിനെ അനുകൂലിക്കുന്നു എന്നതു തന്നെ.സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്നും ഇതിനായി സർവകക്ഷിയോഗം ഉടൻ വിളിച്ചുചേർക്കുമെന്നും ഇതിനുശേഷം സെൻസസ് നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് നിതീഷ് കുമാർ പറയുന്നത്.
ഇതോടെ സർവകക്ഷിയോഗത്തിൽ സെൻസസിനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പിണക്കത്തിലേക്ക്
നിലവിലെ സാഹചര്യത്തിൽ ബിജെപി സെൻസസിനെ എതിർത്താൽ അത് നിതീഷ്കുമാറുമായി വലിയൊരു പിണക്കത്തിന് കാരണമായേക്കും.
ഇപ്പോൾ തന്നെ ബിജെപിയും നിതീഷ്കുമാറും തമ്മിൽ പല കാര്യത്തിലും അത്ര രസത്തിലല്ല.ബിജെപിയുമായുള്ള ബന്ധത്തിൽ ഉടച്ചിൽ സംഭവിച്ചതോടെ പ്രതിപക്ഷമായ ആർജെഡിയുമായി നിതീഷ്കുമാർ രഹസ്യ ചർച്ചകൾ ആരംഭിച്ചിരുന്നു.
ആർജെഡിയും ജെഡിയുവും മുന്പ് ഒന്നിച്ചു പ്രവർത്തിച്ചവർ കൂടിയാണ്. ഏതെങ്കിലും കാരണവശാൽ ബിജെപി നിതീഷ് കുമാറിനെ കൈവിട്ടാൽ ആർജെഡിയുമായി സഖ്യത്തിലേർപ്പെട്ട് ഭരണം നിലനിർത്താനുള്ള ശ്രമം ഇതിനോടകം നിതീഷ് കുമാർ നടത്തിയിട്ടുണ്ട്.
2011ലെ സെൻസസ് പ്രകാരം ബിഹാറിൽ 10.04 കോടി ജനസംഖ്യയുണ്ട്, അതിൽ 13% ഉയർന്ന ജാതിക്കാരും 17% മുസ്ലീങ്ങളും ബാക്കിയുള്ളവർ ഒബിസികളും ഇബിസികളും എസ്സികളും എസ്ടികളുമാണ്.