നിയാസ് മുസ്തഫ
ബിഹാറിൽ കോൺഗ്രസ്-ആർജെഡി സഖ്യം സീറ്റു വിഭജന ചർച്ചകൾ സജീവമാക്കി. 40 ലോക്സഭാ സീറ്റുകളുള്ള ബിഹാറിൽ 20-20 എന്ന ഫോർമുലയിൽ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും ആദ്യവട്ട ചർച്ചയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത്. എന്നാൽ എൻഡിഎ മുന്നണി വിട്ടുവന്ന ഉപേന്ദ്ര ഖുഷ്വാലയുടെ ആർ എൽഎസ്പി കൂടി സഖ്യത്തിന്റെ ഭാഗമാകാൻ മുന്നോട്ടു വന്നതോടെ 20-20 എന്ന സീറ്റ് നിലയിൽ മാറ്റങ്ങൾ വരും.
അഞ്ചു സീറ്റുകളാണ് ആർഎൽഎസ്പി ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ സീറ്റു വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനും ആർജെഡിക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലങ്ങളുണ്ട്. ഈ മണ്ഡലങ്ങളിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.
നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മാത്രം ഇത്തവണ മത്സരിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് കോൺഗ്രസ്-ആർജെഡി സഖ്യ നേതാക്കളായ രാഹുൽഗാന്ധിയും തേജസ്വി യാദവും.
അതേസമയം, ബിഹാറിൽ മാസ് എൻട്രിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫെബ്രുവരി മൂന്നിന് പട്നയിൽ മഹാറാലിയുമായി രാഹുൽ ബിഹാറിന്റെ മണ്ണിലെത്തും. കോൺഗ്രസിന്റെ ശക്തി പ്രകടനമായി മഹാറാലിയെ മാറ്റാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നിർജീവമായി കിടക്കുന്ന പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യവും മഹാറാലിക്കു പിന്നിലുണ്ട്.
റാലിയിൽ വൻ ജനപങ്കാളിത്തം ഉറപ്പ് വരുത്താനാണ് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ജായ്ക്കു ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം. ഇതോടെ പാർട്ടിയുമായി ഉടക്കി നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിക്കാനുള്ള ശ്രമം സജീവമാക്കിയിട്ടുണ്ട്. മഹാറാലി കഴിയുന്നതോടെ പാർട്ടി സംവിധാനത്തിൽ അഴിച്ചു പണി നടക്കും. സീറ്റ് മോഹികൾ പലരും രംഗത്തുവന്നിട്ടുണ്ടെങ്കിലും വിജയസാധ്യതയുള്ളവരെ മാത്രമേ പരിഗണിക്കൂവെന്ന് ബിഹാർ ഘടകത്തിന് രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോൺഗ്രസിനുള്ളിൽ നിലനിന്ന ഗ്രൂപ്പ് പോരിന് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അല്പം ശമനമായിട്ടുണ്ട്. ചില നേതാക്കൾ ഇപ്പോഴും പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്നുണ്ട്. ഇവരുമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.
ബിജെപിക്കെതിരായ പ്രതിപക്ഷ മഹാസഖ്യം ആദ്യമായി രൂപംകൊണ്ടത് ബിഹാറിലാണ്. ആർജെഡി-ജെഡിയു-കോണ്ഗ്രസ് സഖ്യം ബിജെപിക്കെതിരേ ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യം അദ്ഭുതപ്പെടുത്തുന്ന വിജയമാണ് നേടിയത്. ബിജെപി എന്ന പൊതുശത്രുവിനെ നേരിടാൻ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരുക എന്ന തന്ത്രത്തിന് കോണ്ഗ്രസ് രൂപം കൊടുത്തത് ബിഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു. പിന്നീട് ഈ സഖ്യത്തിൽനിന്ന് ജെഡിയു പിൻമാറി എൻഡിഎ ഭാഗമായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കൂടെ നിന്ന ജെഡിയു മറുകണ്ടം ചാടിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനും ഭൂരിപക്ഷം സീറ്റുകളിൽ വിജയിക്കാനും ആർജെഡിയുമായുള്ള സഖ്യത്തിലൂടെ സാധിക്കുമെന്നാണ് കോണ്ഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പ്രതിപക്ഷത്തെ നയിക്കാൻ കോണ്ഗ്രസ് സജ്ജമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
പരമാവധി സീറ്റുകൾ നേടാനുള്ള കരുത്ത് കോണ്ഗ്രസിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യത്തിന് കോണ്ഗ്രസ് നേതൃത്വം നൽകുന്നതിൽ പ്രശ്നമൊന്നും കാണുന്നില്ല. എന്നാൽ, ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ പശ്ചാത്തലമാണുള്ളതെന്ന കാര്യം കോണ്ഗ്രസ് അംഗീകരിക്കണം. പ്രാദേശികപാർട്ടികൾക്ക് കൂടുതൽ വോട്ടുനേടാനുള്ള ശേഷിയുണ്ട്. വിജയമായിരിക്കണം ലക്ഷ്യമെന്നും തേജസ്വി യാദവ് പറയുന്നു.
അതേസമയം, ബിഹാറിൽ എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ നേരത്തേ തന്നെ പൂർത്തിയായി. 17-17-6 എന്ന ഫോർമുലയിലാണ് മത്സരിക്കുക. ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും 17 സീറ്റുകളിൽ വീതം. രാം വിലാസ് പാസ്വാന്റെ എൽജെപി ആറു സീറ്റിലും മത്സരിക്കും.
2014ൽ ബിജെപി-22, എൽജെപി-6, ആർഎൽഎസ്പി-3, ജെഡിയു-2, ആർജെഡി-4, എൻസിപി-1, കോൺഗ്രസ്-2 എന്നിങ്ങനെയാണ് വിജയിച്ചത്.2014ൽ 22 സീറ്റുകളിൽ വിജയിച്ച ബിജെപി 17 സീറ്റിലേ ഇത്ത വണ മത്സരിക്കുന്നുള്ളൂവെന്നത് ശ്രദ്ധേയമാണ്. സഖ്യത്തിന്റെ കെട്ടുറപ്പിനു വേണ്ടി ബിജെപി അഞ്ചു സീറ്റുകൾ വിട്ടു നൽകുക യായിരുന്നു.