ജമ്മു കാഷ്മീരില്‍ കൂലിപ്പണിയ്ക്കു പോയ ബിഹാറി സഹോരന്മാര്‍ അവിടെ നിന്നു തിരികെ വരുമ്പോള്‍ സുന്ദരികളായ കാഷ്മീരി സഹോദരിമാരെ വിവാഹം കഴിച്ച് ഒപ്പം കൂട്ടിയിരുന്നു. കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതോടെ അവിടെനിന്നുള്ള സുന്ദരിമാരെ മറ്റു സംസ്ഥാനത്തുള്ളവര്‍ക്കും വിവാഹം കഴിക്കാമെന്ന ചില നേതാക്കളുടെ പ്രഖ്യാപനം കേട്ടാണോ അവര്‍ ഇങ്ങനെ ചെയ്തത് എന്നറിയില്ല. എന്തായാലും ഭാര്യമാരുമായി സുപൗളിലേക്ക് വീട്ടിലെത്തിയ ഇവരെ തേടി അധികം താമസിക്കാതെ കാഷ്മീരില്‍ നിന്നും പോലീസുമെത്തി.
തന്റെ പെണ്‍മക്കളെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി എന്ന് യുവതികളുടെ പിതാവ് നല്‍കിയ പരാതിയിലാണ് ബുധനാഴ്ച പോലീസ് എത്തിയത്. തട്ടിക്കൊണ്ടുപോയ കേസില്‍ മുഹമ്മദ് തബ്രെസ് (26), സഹോദരന്‍ മുഹമ്മദ് പര്‍വേസ് (24) എന്നിവരെ പോലീസ് അറസ്റ്റും ചെയ്തു. ഇവരുടെ ഭാര്യമാര്‍ പ്രായപൂര്‍ത്തി ആയവരാണ്. ഭര്‍ത്താക്കന്മാരുടെ വീട്ടില്‍ നിന്നും ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവരാണെന്ന് യുവതികള്‍ മജിസ്ട്രേറ്റിനു മൊഴി നല്‍കി. ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിട്ടയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
370ാം അനുഛേദം റദ്ദാക്കിയതോടെ തങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഇവര്‍ പറഞ്ഞു. വിവാഹ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നു. തങ്ങള്‍ പ്രായപൂര്‍ത്തിയായവരും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്വരുമാണ്. അവര്‍ തങ്ങളെ നന്നായി നോക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ കോടതി ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഇവരെ കാഷ്മീരിലേക്ക് കൊണ്ടുപോകാന്‍ പോലീസിന് അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി കാഷ്മീരിലെ രാംബാന്‍ ജില്ലയില്‍ ജോലി ചെയ്തുവരികയായിരുന്നു ബിഹാറി സഹോദരന്മാര്‍. ഇതിനിടെയാണ് ഈ സഹോദരിമാരെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. മൂന്നു വര്‍ഷത്തോളം നീണ്ട പ്രണയം വിവാഹത്തിലെത്തിയത് 370ാം അനുഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ്. അനുഛേദം 370 റദ്ദാക്കിയതോടെ ആര്‍ക്കും കാഷ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കാനും അവിടെ താമസിക്കാനും കഴിയുമെന്നത് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല അവസരമാണെന്ന് മുഹമ്മദ് തബ്രെസ് പറയുന്നു.
മുസ്ലീം ആചാരപ്രകാരമാണ് തങ്ങള്‍ വിവാഹിതരായതെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഓഗസ്റ്റ് 16ന് ഇവര്‍ സുപൗളില്‍ തിരിച്ചെത്തി. ഇതറിഞ്ഞ യുവതികളുടെ പിതാവ് പെണ്‍മക്കളെ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.അതേസമയം, കേസ് കോടതിയുടെ പരിഗണനയിലാണെന്നും യുവതികളെ കാഷ്മീരിലെ കോടതിയില്‍ ഹാജരാക്കുമെന്നും ബാക്കിയെല്ലാം കോടതി തീരുമാനിക്കുമെന്നും കാഷ്മീര്‍ പോലീസിലെ ഒരു ഓഫീസര്‍ പ്രതികരിച്ചു.