പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങള്ക്ക് ദൈവത്തെപ്പോലെയാണെന്ന് പറഞ്ഞ് ബിഹാറിലെ അനന്ത്പൂരിലെ ഗ്രാമവാസികള് നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില് പ്രതിഷ്ഠിച്ചു. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില് ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള് ദിനമായ ചൊവ്വാഴ്ചയാണ് 500 ഓളം വരുന്ന ഗ്രാമവാസികള് പ്രതിഷ്ഠ നടത്തിയത്.
ഗ്രാമത്തില് നടത്തിയ വികസന പ്രവര്ത്തനങ്ങളാണ് മോദിയെ നാട്ടുകാര് ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്ട്ടുകള്. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികള് ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാള് ആഘോഷിക്കുകയും ആശംസകള് നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര് മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒരു മെറ്റല് റോഡു പോലുമില്ലാതെ അവികസിതമായി കിടന്ന ഗ്രാമമായിരുന്നു ഇത്.
സര്ക്കാരും ഉദ്യോഗസ്ഥരും ഞങ്ങള്ക്കു നേരെ മുഖം തിരിക്കുന്നത് പതിവായപ്പോള് എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. എന്നാല് മോദി പ്രധാനമന്ത്രി ആയി രണ്ടു വര്ഷത്തിനുള്ളില് ഞങ്ങള്ക്ക് റോഡു മാത്രമല്ല വൈദ്യുതിയും ലഭിച്ചു. ഞങ്ങള്ക്ക് അദ്ദേഹം ദൈവത്തിന് സമമാണ്. അതിനാലാണ് ഞങ്ങളുടെ ക്ഷേത്രത്തില് അദ്ദേഹത്തിന് ഉചിതമായ സ്ഥലം നല്കിയതെന്നും പ്രദേശവാസികള് പറയുന്നു. എന്നാല് ബിഹാര് രാഷ്ട്രീയത്തില് വേരുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കോണ്ഗ്രസ് ആരോപിച്ചു.