ലിജിൻ കെ ഈപ്പൻ
കോട്ടയം: അക്ഷര നഗരിയിൽ ആസാം ജനതയുടെ നിറപ്പകിട്ടാർന്ന മാഗ് ബിഹു ആഘോഷം. സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്ന ഈ ദിനത്തിൽ പുതുവർഷത്തെ വരവേൽക്കുന്ന സംസ്കാരമാണ് ആസാം കർഷകർക്കുള്ളത്. വീടും നാടും ഒരുങ്ങി ഒരു വാരം നിറഞ്ഞു നിൽക്കുന്നതാണ് വിളവെടുപ്പ് ഉത്സവമായ മാഗ് ബിഹുവിന്റേത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതു കൊണ്ടാടുന്പോൾ കേരളത്തിന്റെ അക്ഷര നഗരയിൽ പലയിടത്തും മാഗ് ബിഹു ആഘോഷമാക്കുന്ന ഒരു പറ്റം ജനതയുണ്ട്.
ആസാമിൽ നിന്നും തൊഴിലു തേടിയെത്തിയ ചെറു കൂട്ടങ്ങളാണ് കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാഗ് ബിഹു ആഘോഷിച്ചത്്. വിളവെടുപ്പിനു ശേഷമുള്ള കാലമാണ് മാഗ് ബിഹു ഉൽസവത്തിന്റേത്. ഭക്ഷണത്തിനും ഉൽസവത്തിനുമുള്ള കാലഘട്ടം. ഒരു വർഷക്കാലത്തെ പ്രയത്നഫലം കേരളമണ്ണിൽ ആഘോഷിക്കുന്പോൾ മാഗ് ബിഹുവിലൂടെ തങ്ങളുടെ തന്നെ സ്വത്വത്തെ തേടുകയാണ് ഈ ജനത.
ബിഹുവിന്റെ പ്രധാന ചടങ്ങാണ് വിറക് പിരമിഡ് ആകൃതിയിൽ അടുക്കിയ മേജി എരിക്കൽ. മഹാഭാരത യുദ്ധത്തിൽ ശരശയ്യയിലാണ്ടു വീണ ഭീഷ്മ പിതാവിന്റെ മരണത്തിനെയാണ് മേജി എരിക്കലിലൂടെ അവർ ഓർമിക്കുന്നത്. വിളവെടുപ്പിനു ശേഷം കൊയ്ത്തുശാലകളിൽ വിത്തു നിറച്ചു കഴിയുന്പോൾ ജനുവരി മധ്യത്തിൽ ആസാമിൽ മാഗ് ബിഹുവിന്റെ ആഘോഷം തുടങ്ങുകയായി. ഭക്ഷണത്തിനും ഉൽസവത്തിനുമുള്ള ആഘോഷം ആയതുകൊണ്ടു തന്നെ എവിടെയായിരുന്നാലും സ്വയം ഭക്ഷണം പാകം ചെയ്തു പങ്കിടുന്നതിലാണ് ആസാം ജനത ശരിയായ ആനന്ദം അനുഭവിക്കുന്നത്.
കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണ് ഈ വർഷം ആസാം മാഗ് ബിഹു അരങ്ങേറുന്നത്. തിരുവഞ്ചൂരിലും നെടുമാവിലും വാഴൂരിലും തുടങ്ങി വർഷങ്ങളായി മാഗ് ബിഹു കൊണ്ടാടുന്ന ജനത ഇവിടെയുണ്ട്. നൂറിലധികം വരുന്ന ഓരോ സംഘങ്ങളും ആഘോഷം കൊണ്ടാടുന്പോൾ അതിനു തങ്ങൾ ജോലി ചെയ്യുന്ന മിഡാസ് കന്പനി നൽകുന്ന പിന്തുണയെപ്പറ്റി വാതോരാതെ പറയുകയാണ്. ആസാം ജനത മാത്രമുള്ള വർക്കേഴ്സാണ് മിഡാസ് കന്പനിയിലുള്ളത്. അവരുടെ ആചാരവും അനുഷ്ഠാനവും ആഘോഷങ്ങളും സ്വദേശത്തെന്നപോലെ പ്രകടമാക്കുവാൻ ഈ മാനേജ്മെന്റ് എന്നും പിന്തുണ നൽകുന്നുണ്ട്.
മേജി എരിക്കൽ പ്രഭാതത്തിൽ ആറു മണിക്കാണ് ആസാം ജനത നടത്തിയത്. കുളിച്ച് ഈറനണിഞ്ഞ വസ്ത്രം ധരിച്ചെത്തി അവരിലൊരാൾ മേജിക്കു തീ കൊളുത്തുന്നു. പിരമിഡിന്റെ ആകൃതിയിൽ വിറക് അടുക്കി അതിനു മുകളിൽ അന്പും വില്ലും വാളും ഒരുക്കി ഭീഷ്മ പിതാവിനെ അനുസ്മരിച്ചാണ് മേജിക്കു തീ കൊളുത്തുന്നത്. ഹോമകുണ്ഡം പോലെ കത്തുന്ന ആ വിറകു കൂന്പാരത്തിനു മുന്നിൽ നമസ്കരിച്ചുകൊണ്ട് തങ്ങളുടെ പുതുവർഷത്തെ സ്വീകരിക്കുകയാണ് ഈ ജനത.
നന്മയുടേയും സമൃദ്ധിയുടേതുമായിരിക്കണം പുതുവർഷമെന്ന പ്രാർഥനയാണ് അതിലൂടെ പ്രകടമാക്കുന്നത്. നെല്ലും തേയിലയുമടങ്ങുന്ന വിളവെടുപ്പ് തങ്ങളുടെ കളപ്പുരയിൽ കൂട്ടിവെച്ചതിനു ശേഷം മണ്ണിനെ സ്വന്തം ആത്മാവ് പോലെ കരുതുകയാണ് ഈ ജനത സ്വദേശത്തു ചെയ്യുന്നത്. കേരളത്തിലാണെങ്കിലും ബിഹു ആഘോഷം ഒട്ടും കുറവില്ലാതെവണ്ണം നിറമേകാൻ ആസാം ജനത ശ്രമിക്കാറുണ്ട്.
പുതുവേഷം അണിഞ്ഞ് പരാന്പരാഗത വസ്ത്രമായ ഗമൂസയും ധരിച്ചാണ് തങ്ങളുടെ ബിഹു ആഘോഷത്തിലേക്ക് അതിഥികളെ ഈ ജനത ക്ഷണിക്കുന്നത്. മിഡാസ് എം.ഡി ബി.എഫ് വർഗീസ് അടക്കമുള്ളവരെ വെള്ളയിൽ ചുവന്ന ചിത്രപ്പണികളോടെയുള്ള ഗമൂസ് അണിയിച്ച് അവർ ആദരിച്ചിരുന്നു. ഒപ്പം അയൽപക്കത്തുള്ളതും സഹൃദമുള്ളതുമായ മലയാളികളേയും ഇവർ ക്ഷണിച്ചു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മാഗ് ബിഹു കൊണ്ടാടുന്ന ആഘോഷം സോഷ്യൽ മീഡിയ വഴി തങ്ങളുടെ ബന്ധുജനങ്ങളുമായി പങ്കിടുവാനും ഇവർ മറക്കുന്നില്ല.
ആസാമിൻ ഒരു വാരം കൊണ്ടാടുന്ന ഈ ആഘോഷത്തിനായി ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ് മേജി നിർമിക്കുന്നതെന്ന് ഇവിടെയുള്ള ആസാം മക്കൾ ഓർക്കുന്നു. കേരളത്തിൽ ജിവിക്കുന്പോൾ നാലു മീറ്ററോളം മാത്രം വരുന്ന ഉയരത്തിലാണ് അവർ മേജി ഒരുക്കുന്നത്. ഏതു നാട്ടിലായും അവിടത്തെ പരിമിതിയും പരിതസ്ഥിതിയും പരിഗണിച്ച് തങ്ങൾ ബിഹു കൊണ്ടാടാൻ ശ്രമിക്കുമെന്നാണ് ഈ ജനതയുടെ ഭാഷ്യം.
ഒന്നു ചേർന്ന് ഒരു ദിവസം കൊണ്ടോ മൂന്നു ദിവസം കൊണ്ടോ വിറക് അടുക്കി ഒരുക്കുന്ന മൂന്നു മേജികൾ അവസാനദിനം അഗ്നിക്കിരയാക്കിയാണ് ബിഹുവിനു സമാപ്തി കണ്ടെത്തുന്നത്. ക്ഷേത്രത്തിൽ നിന്നും ശംഖ് ഉൗതുന്ന ശബ്ദം കേൾക്കുന്പോൾ മേജിക്ക് അഗ്നി പടരും. ഇവിടത്തെ സാഹചര്യത്തിൽ പ്രഭാത പ്രാർഥനയ്ക്കു ശേഷം ഈറനണിഞ്ഞെത്തി കൂട്ടത്തിൽ ഒരാൾ മേജിക്ക് അഗ്നി പകരുകയാണെന്ന് ഇവർ പറയുന്നു.
തങ്ങൾ സ്വദേശത്തായിരുന്നു എങ്കിൽ കാർഷികോൽസവം മാത്രമല്ലെന്നും വസന്തോത്സവവും നവവത്സരാഘോഷവും കൃഷിഭൂമി പൂജയും ഗോപൂജയും സംഘനൃത്തവും കൊണ്ടാടുമെന്നും ഈ ജനത പറയുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകിയും കൈനീട്ടം നൽകിയുമെല്ലാം ആഘോഷം വർണശബളമാക്കുമെന്നും ഈ ചെറു കൂട്ടം വിളിച്ചോതുന്നു…