കട്ടപ്പന: കല്യാണത്തണ്ടിൽ സർക്കാർ പുറന്പോക്ക് കൈയേറി നിർമിച്ച കോട്ടേജ് റവന്യു വകുപ്പ് ഏറ്റെടുത്തു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. ഭൂസംരക്ഷണ നിയമപ്രകാരമാണ് ഭൂമി തിരിച്ചുപിടിച്ചത്.
വെള്ളയാംകുടി തെക്കേവയലിൽ ജോബിയാണ് 2018-ൽ റവന്യു ഭൂമി കൈയേറി കോട്ടേജ് നിർമിച്ചത്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60-ലെ സർക്കാർവക പുൽമേട് കൈയേറിയാണ് നിർമാണം നടന്നത്.
കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതോടെ ഇയാൾക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. 2019 ജൂണിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ വില്ലേജ് ഓഫിസർക്ക് ഭൂമി ഏറ്റെടുക്കുവാൻ നിർദേശംനൽകി.
എന്നാൽ അന്ന് ഉദ്യോഗസ്ഥർക്ക് കോട്ടേജിനുള്ളിൽ കയറാൻ കഴിഞ്ഞില്ല. ഭൂമി കൈയേറിയ ജോബി പിന്നീട് ഒഴിപ്പിക്കലിനെതിരേ നൽകിയ അപ്പീൽ ആർഡിഒ തള്ളി. ഇതേതുടർന്ന് കട്ടപ്പന പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോബിക്കെതിരേ കേസെടുത്തു.
കഴിഞ്ഞമാസം നടന്ന സ്യൂട്ട് കോണ്‍ഫറൻസിൽ സംഭവം ശ്രദ്ധയിൽപെട്ട ജില്ലാകളക്ടറാണ് കോട്ടേജ് പിടിച്ചെടുക്കുവാൻ തഹസിൽദാർക്ക് നിർദേശം നൽകിയത്.
തുടർന്ന് കട്ടപ്പന വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ കോട്ടേജ് തുറന്ന് നടപടികൾ പൂർത്തിയാക്കി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുപ്രകാരം നഗരസഭ കെട്ടിട നന്പരും കെ എസ്ഇബി വൈദ്യുതി കണക്ഷനും റദ്ദാക്കി.