കോട്ടയം: സബ് ജയിലിൽനിന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പോലീസ് ബംഗളൂരുവിൽ നിന്നും പൊക്കി.
മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നായിരുന്നു സംഭവം. മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ബിജീഷ്.
ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്പോൾ വയറുവേദന അനുഭവപ്പെട്ടതായി ബിജീഷ് പറഞ്ഞതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
ആദ്യദിവസം പരിശോധന നടത്തിയപ്പോൾ പ്രശ്നങ്ങൾ കാണാത്തതിനാൽ തിരികെ ജില്ലാ ജയിലിലേക്ക് അയച്ചു. പിറ്റേ ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്നു ബാത്റൂമിൽ പോകണമെന്നു പറഞ്ഞു ബിജീഷ് പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പോലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പോയ വഴി ഇങ്ങനെ
ആശുപത്രിയിൽനിന്നും രക്ഷപ്പെട്ട പ്രതി ആലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയശേഷം ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോയി. ഇവിടെ നിന്നാണ് ഇയാൾ ബംഗളൂരുവിൽ എത്തിയത്.
പത്തു ദിവസത്തോളം ബെംഗളൂരുവിൽ തങ്ങിയ ഇയാൾ ഇവിടെ നിന്നും മുംബൈയിലേയ്ക്കു കടന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ പ്രതി ബംഗളൂരുവിലെ സ്വകാര്യ ബസിൽ ജോലിക്കു കയറുകയായിരുന്നു.
ബംഗളൂർ- ഹൈദരാബാദ് സ്വകാര്യ ബസിലായിരുന്നു ജോലി. ബംഗളൂരു, മുംബൈ റൂട്ടിൽ സ്ഥിരമായി ഇയാൾ ബസിൽ ജോലി ചെയ്യുകയായിരുന്നു.
കെ.എൽ രജിസ്ട്രേഷനുള്ള വാഹനം കണ്ടാൽ ഇയാൾ മുങ്ങി ഒളിച്ചിരിക്കുകയായിരുന്നു പതിവ്. മലയാളികളെ കണ്ടാൽ സംസാരിക്കാൻ മുഖം നൽകാതെ ഒഴിഞ്ഞു മാറുകയും ചെയ്യുമായിരുന്നു.
ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ് ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ ഇന്നലെ ജില്ലാ ജനറൾ ആശുപത്രിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി ഇന്നു കോടതിയിൽ ഹാജരാക്കും.