സ്വന്തം ലേഖകന്‍
കൊയിലാണ്ടി(കോഴിക്കോട്): കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്കുപിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ പുറത്തുവന്നതോടെ നിഴലിക്കുന്നത് കടുത്ത ആശങ്ക.
ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇടപാട് നടത്തിയെന്നുമുള്ള കണ്ടെത്തല്‍ വീട്ടുകാര്‍ക്കുപോലും വിശ്വസിക്കാനായിട്ടില്ല.
വിവാഹത്തിനായി വാങ്ങിയ 35 പവന് പോലും വിറ്റതും വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്.
2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമായില്ല.
തുടർന്നാണ് ബിജിഷ 35 പവൻ സ്വർണം പണയംവച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയത്.
എന്നാൽ ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകുകയായിരുന്നു.
തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആദ്യം ഗെയിമില്‍ ജയിച്ചു…പിന്നെ
കോവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിൽ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ആദ്യം ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.
ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.
എന്നാൽ ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവച്ചു.
ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.
വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും എന്തിനൊക്കെയാണ് ‘Allow’ ബട്ടൺ അമർത്തിയതെന്ന് ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതിനാലാണ് ബിജിഷയുടെ ഫോണിലെ വിവരങ്ങൾ ഇത്തരം ആപ്പുകാർ ചോർത്തിയതെന്നാണ് കരുതുന്നത്.
സൂക്ഷിക്കണം ലോണ്‍ ആപ്പിനെ..
വിദേശ ബന്ധങ്ങൾ ഉള്ള കമ്പനികൾ വിവിധ സംസഥാനത്തുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും വ്യാജ സിം കർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചുമാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്…
മൊബൈൽ ഫോണിൽ ലോൺ അപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ലോൺ എടുക്കാൻ ശ്രമിക്കുന്ന ആളുടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിൽ ആവുന്നു.
തുടർന്ന് ഫോണിലെ കോൺടാക്ട്, സ്വകാര്യ ഫയലുകൾ തുടങ്ങിയ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.
ലോൺ അടയ്ക്കാൻ കഴിയാതെ വരുമ്പോൾ
ഒരുവിധ ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകൾ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പുകാരുടെ ഭീമമായ സർവിസ് ചാർജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും.
ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധിയുള്ള ഈ ലോൺ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയുടെ പതിന്മടങ്ങ് ആണ്.
നിശ്ചിത കാലാവധിക്ക് ഉള്ളിൽ ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും മറ്റു ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ലോൺ എടുക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുകയും അതിൽനിന്ന് ലഭിക്കുന്ന പണം പഴയ ലോൺ ക്ലോസ് ചെയ്യാനുമാണ് അവർ ഉപയോഗിക്കുന്നത്.
ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് ലോൺ എടുത്തവരെ ഭീമമായ കടക്കണിയിലേക്കു തള്ളിയിട്ടു ലോൺ തിരിച്ചടക്കാനായി തുടർച്ചയായി ഫോൺ കാൾ വഴിയും വാട്സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തിരിച്ചുപിടിക്കുന്നത്.