കൊച്ചി: പനങ്ങാട് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കേരള പോലീസിന്റെ ആദരം.
കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2,000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും നല്‍കും.
വ്യവസായി എം.എ. യൂസഫലി ഉൾപ്പെടെ ആറു യാത്രക്കാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്.
ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ബിജിയും ഭര്‍ത്താവ് രാജേഷുമാണ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയും.