ഏറ്റുമാനൂർ: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അതിദാരുണമായി മരണമടഞ്ഞ തന്റെ അമ്മയുടെ വിയോഗമറിയാതെ എലിസബത്ത്.
കഴിഞ്ഞദിവസം കോതനലൂരിൽ കെഎസ്ആർടിസി ബസ് പിന്നിൽനിന്നും ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ച ബിജിമോളുടെ മകൾ രണ്ടര വയസുകാരി എലിസബത്താണ് അമ്മ തന്നെയും തന്റെ അച്ഛനെയും വീട്ടു പോയതറിയാതെ അപ്രതീക്ഷിതമായി വീട്ടിൽ എത്തിയ മറ്റു കുട്ടികളോട് ഒപ്പം നടക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 8.15 കോതനല്ലൂർ തൂവാനിസ വളവിലായിരുന്നു ദാരുണമായ സംഭവം. കുറുപ്പന്തറയിലുള്ള മറ്റോരു ബന്ധുവിന്റെ മരിച്ചതിനെ തുടർന്ന് അവിടെ സന്ദർശനം നടത്തി തിരിച്ചു വരികയായിരുന്നു.
അതിനിടയിൽ പുറകിലൂടെ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീജിമോൾ തെറിച്ച് വീണത് ബസിന്റ അടിയിലെക്കായിരുന്നു.
എലിസബത്തും ഭർത്താവ് ജോമോനും റോഡ് സൈഡിലേക്കാണ് തെറിച്ചു വീണത്. ബസിന്റെ അടിയിൽ കുടുങ്ങിയ ബിജിമോളുടെ ഇടതുകാലിലും വയറിലൂടെയും കയറിയ ബസ് 10 മീറ്ററോളം വലിച്ച് ഇഴച്ചാണ് നിന്നത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റുമാനൂർ – വൈക്കം റോഡിൽ അപകടങ്ങൾ തുടർക്കഥ
കടുത്തുരുത്തി: കൊടും വളവുകളും വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും മൂലം ഏറ്റുമാനൂർ – വൈക്കം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
കോതനല്ലൂർ തൂവാനിസ കവലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ അധ്യപികയ്ക്കു ജീവൻ നഷ്ടപെട്ടതാണ് തുടരുന്ന അപകട പരന്പരകളിൽ ഒടുവിലത്തേത്.
ഏറ്റുമാനൂർ – വൈക്കം റോഡിലെ വളവുകളും അമിതവേഗവും അപകടങ്ങൾക്കു കാരണമാകുന്നതായി ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ അധ്യാപികയായ ഏറ്റുമാനൂർ പട്ടിത്താനം പൊയ്കപ്പുറത്ത് ജോമോന്റെ ഭാര്യ ബിജിമോൾ (37) ആണ് അപകടത്തിൽ മരിച്ചത്.
ബിജിമോളുടെ മരണത്തിനിടയായ അപകടമുണ്ടായ സ്ഥലത്തിന് സമീപത്തു തന്നെയായി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്ത് രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റ അപകടമുണ്ടായത് ഇതേഭാഗത്താണ്.
ഒരു ബസിന്റെ പിന്നിൽ മറ്റൊരു ബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ചു രണ്ടു പേരുടെ ജീവനെടുത്ത അപകടമുണ്ടായതും ശനിയാഴ്ച അപകടമുണ്ടായ സ്ഥലത്തിന് സമീപത്താണ്.
വർഷങ്ങൾക്കു മുന്പ് വഴിയരികിലിരുന്നു മത്സ്യവ്യാപാരം നടത്തുകയായിരുന്നയാളുടെ മേൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ വാഹനം പാഞ്ഞു കയറിയും ഇവിടെ അപകടമുണ്ടായിരുന്നു.
അമിതവേഗത്തിനൊപ്പം അശ്രദ്ധയും മൊബൈൽ ഫോണ് ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗുമെല്ലാം റോഡിൽ അപകടങ്ങൾക്ക് കാരണമാവുകയാണ്.
ഞെട്ടൽ മാറാതെ നാട്ടുകാർ
ഏറ്റുമാനൂർ: അപകടം ഏറ്റവും ദാരുണമായിരുന്നെന്ന് നാട്ടുകാർ. അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാർ കാണുന്നത് പിൻചക്രങ്ങളുടെ അടിയിൽ കുടുങ്ങി കിടക്കുന്ന ബിജിമോളെയായിരുന്നു.
ഉടൻതന്നെ ബസ് പിന്നോട്ടെടുത്തു ബിജിമോളെ പുറത്തെടുക്കാൻ ശ്രമിച്ചങ്കിലും കാൽ അറ്റുപോകാറായ നിലയിലായിരുന്നു.
സംഭവം നടന്നതിനുശേഷം ബസിനു പുറകെ എത്തിയ ഒരു ഡോക്ടറുടെ സഹായത്തോടെ എടുക്കാൻ ശ്രമിച്ചങ്കിലും അതിനു കഴിയാത്ത അവസ്ഥയിലായിരുന്നു.
പരിക്ക് അതീവ ഗുരുതരമായതിനാൽ ആംബുലൻസിൽ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ എന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം 108 ആംബുലൻസ് എത്തിയാണ് ബിജിമോളെ ആശുപത്രിയിൽ എത്തിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 ഓടെ മരിക്കുകയായിരുന്നു.