കോഴഞ്ചേരി: പൊതുപ്രവര്ത്തനത്തിന്റെ തിരക്കിനിടയിലും പശു പരിപാലനത്തിനും കൃഷിക്കും സമയം കണ്ടെത്തുകയാണ് ബിജിലി പി. ഈശോ. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗവും നിരവധി പൊതുപ്രസ്ഥാനങ്ങളുടെ അമരക്കാരനുമാണ് ബിജിലി. എന്നാല് കൃഷി, മത്സ്യം, പശു വളര്ത്തല് ഇവയൊക്കെ ജീവിതത്തില് ഒരു ഹരമായി കൊണ്ടുനടക്കുകയാണ് യുവ നേതാവ്. ജീവിതത്തില് സമയക്രമം പാലിച്ച് മുന്നോട്ടുപോകാനും എല്ലാറ്റിനും ഇതുവഴി സമയം കണ്ടെത്താനും കൃഷിയുമായുള്ള ബന്ധം വഴിതെളിച്ചിട്ടുണ്ടെന്ന് ബിജിലി പറഞ്ഞു.
തന്റെ വീടിനോടു ചേര്ന്നുള്ള 50 സെന്റ് സ്ഥലത്ത് എട്ടു കുളങ്ങള് നിര്മിച്ച് ശാസ്ത്രീയമായാണ് മത്സ്യക്കൃഷി നടത്തുന്നത്. രോഹു, കട്ടള, സിലോപ്പി, വാള, കല്ലേമുട്ടി തുടങ്ങിയയാണ് പ്രധാന മത്സ്യ ഇനങ്ങള്. ബാക്കി സ്ഥലത്ത് നാടന് വാഴയും, പച്ചക്കറിയും കൃഷി ചെയ്യുന്നു. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പത്തോളം പശുക്കളെയും പത്തിലധികം ആടുകളെയും വീട്ടുവളപ്പിലെ ചെറിയ ഫാമില് വളര്ത്തുന്നുണ്ട്.
പശുക്കളില്നിന്ന് പ്രതിദിനം 100 ലിറ്റര് പാലാണ് ലഭിക്കുന്നത്. ആവശ്യക്കാര്ക്ക് വീടുകളില് നേരിട്ടാണ് പാല് എത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ പാലിന് ഡിമാഡ് ഏറെയാണ്. ഇതിനോടൊപ്പം നാല്പതോളം നാടന് കോഴികളെയും താറാവിനെയും വളര്ത്തുന്നുണ്ട്. നാടന് കോഴിമുട്ട വാങ്ങുന്നതിന് ദൂരെ സ്ഥലങ്ങളില്നിന്നുപോലും ആള്ക്കാര് എത്താറുണ്ട്. കൃഷിക്കാവശ്യമായ ജൈവവളം ഉത്പാദിപ്പിക്കാനും ഇതൊക്കെ ധാരാളം.
വീടിനു സമീപത്ത് ഒരു ഏക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏത്തവാഴക്കൃഷിയും ഇടവിളയായി പച്ചക്കറി കൃഷിയും ചെയ്യുന്നതിന് ഭൂമി ഒരുക്കുകയാണ് ഇപ്പോള്. ഇതിനോടൊപ്പം ആറന്മുള ഗ്രാമപഞ്ചായത്തില് തന്റെ സുഹൃത്തിനോടുകൂടെ ചേര്ന്ന് 50 ഏക്കറോളം ഭൂമി പാട്ടത്തിനെടുത്ത് നെല്ക്കൃഷിയും ആരംഭിച്ചിട്ടുണ്ട്.
പുലര്ച്ചെ അഞ്ചിന് കൃഷിയിടത്തില് ഇറങ്ങി പണികള് ചെയ്തതിനുശേഷം 7.30 ഓടെ തിരികെ എത്തി പശുവിനെ കറന്ന് പാൽ ആവശ്യക്കാര്ക്ക് വീടുകളില് നേരിട്ട് എത്തിക്കുന്നു. അപ്പോഴേക്കും മെംബറെതേടി പല ആവശ്യങ്ങള്ക്കും ആളുകള് എത്തും. അവരെ നിരുത്സാഹപ്പെടുത്താറില്ല. പത്തോടെ പഞ്ചായത്ത് ഓഫീസിലും ടൗണിലുമൊക്കെ എത്തി പൊതുകാര്യങ്ങളില് ഇടപെടും. വൈകുന്നേരങ്ങളില് സമയം കിട്ടുമ്പോഴൊക്കെ കൃഷിയിടത്തില് വീണ്ടും ഇറങ്ങും. ഏതു തിരക്കിിടയിലും ഉച്ചകഴിഞ്ഞെത്തി പശുവിനെ കറന്ന് പാല് നല്കാന് സമയം കണ്ടെത്തും.
ധനകാര്യസ്ഥാപനങ്ങളില്നിന്നും വായ്പയെടുത്താണ് കൃഷി നടത്തുന്നതെന്ന് ബിജിലി പറഞ്ഞു. ഭാര്യ ലിജി റേച്ചല് തോമസും മക്കളായ ജോഹനും ജുവാല് സാറാ ഈശോയും കൃഷിപ്പണികളില് സഹായിക്കാറുണ്ട്.കഴിഞ്ഞ 13 വര്ഷമായി ജനപ്രതിനിധിയാണ്. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും പോയി ജോലി ചെയ്യുന്നതിനെക്കാള് ഏറെ അഭികാമ്യമാണ് സ്വന്തം നാട്ടില് കൃഷിയും പശു വളര്ത്തലുമൊക്കെ ചെയ്യുന്നതെന്ന് ബിജിലി പറഞ്ഞു.
- ടി.എസ്. സതീഷ് കുമാര്