അകാലത്തില്‍ തന്നെയും മക്കളെയും വിട്ടുപിരിഞ്ഞുപോയ ഭാര്യ ശാന്തിയുടെ ഓര്‍മ്മയ്ക്കായി അവരുടെ ചിത്രം കൈയ്യില്‍ പച്ചകുത്തി സംഗീതസംവിധായകന് ബിജിപാല്‍. എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ മീഡിയയിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്. അറിയപ്പെടുന്ന നര്‍ത്തകയായ ശാന്തിയും ബിജിപാലും 2002 ലാണ് വിവാഹിതരായത്. തലച്ചോര്‍ സംബന്ധമായ അസുഖത്തെതുടര്ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തിയുടെ മരണം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ ചേര്‍ന്ന് പാടിയ ഗാനവും അടുത്തിടെ വൈറലായിരുന്നു.