കേരളത്തില്‍ അടക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വം സ്വകാര്യ ഏജന്‍സിയെ കൊണ്ട് സര്‍വേ നടത്തിച്ചിരുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലെ റിപ്പോര്‍ട്ടും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൈയിലെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ഫലങ്ങളെല്ലാം കെ. സുരേന്ദ്രന് അനുകൂലമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.
20 മണ്ഡലങ്ങളിലും ആരെയൊക്കെ ബിജെപി സ്ഥാനാര്‍ഥി ആക്കണമെന്ന ചോദ്യത്തിനാണ് പ്രധാനമായും ഉത്തരം തേടിയത്. ഐടി പ്രൊഫഷണലുകളും ജെഎന്‍യു, ഡെല്‍ഹി യൂണിവേഴ്സിറ്റികളിലെ പ്രൊഫസര്‍മാരും അടങ്ങുന്ന സ്വകാര്യ ഏജന്‍സി സംസ്ഥാനത്ത് സര്‍വേ നടത്തിയത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയാതെയായിരുന്നു ഇത്.
20 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ആഗ്രഹിക്കുന്നത് കെ. സുരേന്ദ്രന് സ്ഥാനാര്‍ഥിയായി വരാനാണ്. ശബരിമല വിഷയത്തില്‍ സുരേന്ദ്രന്റെ ഇടപെടലുകളാണ് അദേഹത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ ശ്രീധരന്‍പിള്ള മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു. ശ്രീധരന് പിള്ള പത്തനംതിട്ടയ്ക്ക് അപ്പുറം പോകാത്തത് പ്രവര്‍ത്തകരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു. അതും സര്‍വേ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
അതേസമയം തൃശൂരില്‍ മത്സരിക്കുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം. എന്നാല്‍ തൃശൂര്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് മുരളീധരപക്ഷം. പാര്‍ട്ടിക്ക് ഏറ്റവും സാധ്യതയുള്ള തിരുവനന്തപുരത്ത് സെന്‍കുമാറിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എസ്എസിന് താത്പര്യമെങ്കിലും നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരായ അദ്ദേഹത്തിന്റെ പ്രതികരണം ദേശീയ നേതൃത്വത്തിന് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും.