നെയ്യാറ്റിൻകര: കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു രക്ഷപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന പോലീസുകാരുടെയും സംഭവത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാരുടെയും ആദ്യ പ്രതികരണം ഇതാകാം- എല്ലാം വളരെ പെട്ടെന്നായിരുന്നു… കേവലം നാലു സെക്കന്റുകൾക്കുള്ളിലാണ് പോലീസുകാരുടെ സമീപത്തു നിന്നും അതിസാഹസികമായി എറണാകുളം ബിജു രക്ഷപ്പെട്ടത്.
കോടതിയിൽ ബിജു ഉൾപ്പെടെ മൂന്നു പ്രതികളെ കൊണ്ടുവരാനുള്ള നിയോഗം നാലു പോലീസുകാർക്കായിരുന്നു. ജയിലിൽ നിന്നും കോടതിയിലേയ്ക്ക് കൊണ്ടുവരുന്ന പ്രതികളെ നടപടികൾ പൂർത്തിയാക്കി തിരികെ ജയിലിലെത്തിക്കുന്നതു വരെ കൂടെ പോകുന്ന പോലീസുകാർക്ക് ഒരുവിധത്തിൽ ആശങ്കയും അങ്കലാപ്പുമൊക്കെയുണ്ടാകും. വളരെ ശാന്തമായും സൗമ്യമായും അനുസരണാശീലമുള്ളവരായും പെരുമാറുന്ന ചില പ്രതികൾ ഏതു നിമിഷം ഏതു തരത്തിൽ ചുവടു മാറ്റുമെന്നത് പലപ്പോഴും പ്രവചനാതീതം.
ബിജുവിന്റെ കാര്യത്തിലും ഏറെക്കുറെ ഇങ്ങനെയൊക്കെയാകാം സംഭവിച്ചത്. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെ വിലങ്ങ് പോലും അണിയിക്കാതെ കൊണ്ടുവന്നതിന്റെ കാരണവും പോലീസുകാരുടെ ഉള്ളിലെ ഈ വിശ്വാസമാകാം. ബസ് കാത്തു നിൽക്കുന്നതിനിടയിൽ പോലും പോലീസുകാർ പ്രതി രക്ഷപ്പെടുമെന്ന് വിചാരിച്ചിട്ടുണ്ടാവില്ല. ബസ് എത്തിയപ്പോൾ ആദ്യം രണ്ടു പ്രതികൾ അകത്തു കയറി. അവരുടെ കൈകളിലും വിലങ്ങില്ലായിരുന്നു. മൂന്നാമതായി കയറാൻ നിന്നത് ബിജുവാണ്.
പെട്ടെന്ന് പിന്നിൽ നിന്ന പോലീസുകാരെ വെട്ടിച്ച് ബിജു റോഡിലൂടെ മുന്നോട്ട് ഓടി. സ്റ്റോപ്പിൽ നിന്നും വിരലിലെണ്ണാവുന്ന ദൂരം ബിജു എത്തുന്നതിനു മുന്പുതന്നെ ഒരു ബൈക്ക് അയാളുടെ അരികിലൂടെ കടന്നുപോയി. ബൈക്ക് ഓടിച്ചിരുന്ന യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ പിന്നിലെ കന്പിയിൽ ആദ്യം വലതു കൈയും പിന്നെ ഇടതു കൈ യാത്രക്കാരന്റെ തോളിലും ഉറപ്പിച്ച് ബിജു വാഹനത്തിൽ ചാടിക്കയറി. വായുവിലൂടെ ഉയർന്ന് അയാൾ ബൈക്കിൽ ഇരിപ്പുറപ്പിച്ചു. രണ്ടു പോലീസുകാർ ഓടിവന്നെങ്കിലും ബിജു രക്ഷപ്പെട്ടു.
രക്ഷപ്പെടലിന്റെ ദൃശ്യങ്ങൾ ബസ് സ്റ്റോപ്പിനു സമീപത്തെ ഒരു ജുവലറിയുടെ സിസി ടിവി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. ബൈക്കിനു പിറകിൽ ബിജു കയറി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രക്ഷപ്പെടൽ ആസൂത്രിതംകണ്ണടച്ചു തുറക്കുന്ന നിമിഷത്തിനുള്ളിൽ ബിജു അപ്രത്യക്ഷനായി. അക്ഷരാർഥത്തിൽ ഇതൊരു ഞാണിന്മേൽ കളി തന്നെയാണെന്നതും രക്ഷപ്പെടൽ ആസൂത്രിതമായിരുന്നുവെന്നതും പോലീസും സമ്മതിക്കുന്നു. ബിജു ഓടുന്നതിനിടയിൽ കാലു തെന്നുകയോ ഓടുന്ന വാഹനത്തിൽ കയറുന്നതിനിടയിൽ ഓടിക്കുന്നയാളുടെ ബാലൻസ് തെറ്റുകയോ ചെയ്തിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ.
ബൈക്ക് ഓടിക്കുന്നതിൽ വൈദഗ്ധ്യമുള്ളയാളാണ് ബിജുവിനെ രക്ഷപ്പെടാൻ സഹായിച്ചതെന്നത് ഈ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായി തയാറാക്കിയ പദ്ധതിയിലൂടെയാണ് ബിജു രക്ഷപ്പെട്ടത് എന്നതിൽ പോലീസിനും എതിരഭിപ്രായമില്ല. ഏഴു മാസം മുന്പ് നടന്ന പീഡനക്കേസിന്റെ വിചാരണയ്ക്കായി ബിജുവിനെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ട് പോകുന്ന വഴിക്കാണ് സംഭവം.
നെയ്യാറ്റിൻകരയിൽ ഇത്രയും സാഹസികമായും ആസൂത്രിതമായും ഒരു പ്രതി രക്ഷപ്പെടുന്നത് ആദ്യമായാണ്. അന്വേഷണം പല വഴിക്കുംബിജു രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നെയ്യാറ്റിൻകര സിഐ യ്ക്കാണ്. ഇയാളെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പോലീസ് ഉൗർജ്ജിതമായ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ നിന്നും അന്യസംസ്ഥാനത്തിലേയ്ക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ബിജുവിനെ രക്ഷപ്പെടുത്തിയ ബൈക്ക് യാത്രികനും അറിയപ്പെടുന്ന കുറ്റവാളിയാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ബിജുവിനെ കോടതിയിൽ കൊണ്ടുവരുന്ന ദിവസം സംബന്ധിച്ച വിവരം നേരത്തെ പുറത്തായിട്ടുണ്ടെന്നതിൽ സംശയമില്ല. ജയിലിൽ നിന്നും ബിജുവിനെ പുറത്തേയ്ക്ക് കൊണ്ടു വന്നപ്പോൾ മുതൽ ഇയാളെ സഹായി പിന്തുടർന്നിട്ടുണ്ടാകാം.
ഒരുപക്ഷെ, നെയ്യാറ്റിൻകര കോടതി പരിസരത്തും ഇയാളുടെ സാന്നിധ്യം ഉണ്ടായിരിക്കാനിടയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാർക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോ എന്നതും അന്വേഷിക്കും. കൊടുംകുറ്റവാളിയെ കൊണ്ടുവന്നത് വേണ്ടത്ര സുരക്ഷയില്ലാതെ വളരെ അപകടകാരിയായ കുറ്റവാളിയായിട്ടും ബിജുവിനെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് കോടതിയിൽ കൊണ്ടുവന്നത്.
തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര വരെയും തിരികെയും കെഎസ്ആർടിസി ബസ്സിലാണ് യാത്ര. വിലങ്ങ് പോലും അണിയിക്കാത്തത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നു. പ്രതി രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പ്രഥമ റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം റൂറൽ എസ്.പി ക്ക് നൽകും. സുരക്ഷാ പാളിച്ചകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കൊണ്ടുവന്ന പോലീസുകാർക്ക് എതിരെ നടപടികൾ ഇന്ന് ഉണ്ടാകും.
അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനാണ് സാധ്യത. ബിജുവിനെ ഏറ്റവും ഒടുവിൽ പിടികൂടിയത് കാട്ടാക്കട നിന്നാണ്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.