സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജുവിന് വേണ്ടിയുള്ള തിരച്ചിൽ ഉൗർജിതമായി തുടരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് നെയ്യാറ്റിൻകര കോടതിയിൽ നിന്നും വിചാരണയ്ക്കു ശേഷം തിരികെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിൽ എറണാകുളം ബിജു രക്ഷപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കവെ ബൈക്കിലെത്തിയ സഹായിയുടെ വാഹനത്തിൽ അതിസാഹസികമായി കയറി രക്ഷപ്പെടുകയായിരുന്നു.
വളരെ അപകടകാരിയായ കുറ്റവാളിയാണെന്ന് പോലീസ് ആവർത്തിക്കുന്പോഴും സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ഇയാളെ കോടതിയിലേയ്ക്ക് കൊണ്ടുവന്നതെന്നത് വീഴ്ചയായി തന്നെ കണക്കാക്കാം. ഇയാളുടെ പേരിൽ വിവിധ വകുപ്പുകളിലായി നൂറ്റിയന്പതിലേറെ കേസുകളുണ്ട്. ഏറ്റവും കൂടുതൽ മോഷണക്കേസുകളാണെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി പറഞ്ഞു. മാലയും ആഭരണങ്ങളും പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടയിൽ ആക്രമിക്കാനും ഇയാൾക്ക് മടിയില്ല. ഭവനഭേദനവും ഇയാളുടെ പതിവാണ്.
വീടിനുള്ളിൽ കടന്ന് മോഷണം നടത്തുന്നതിനിടയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നതും ഇയാളുടെ വിനോദങ്ങളിൽപ്പെടുന്നു. സ്ത്രീകൾ ഇയാളുടെ ദൗർബല്യമാണെന്നും പോലീസ് പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്. പ്രതിയുടെ രക്ഷപ്പെടലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്നെ പതിനഞ്ചോളം പേരുമായുള്ള ഇയാളുടെ ബന്ധത്തെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു.
നദിയ എന്ന സ്ത്രീയുമായുള്ള അടുപ്പത്തെത്തുടർന്ന് ബിജുവെന്ന പേര് മാറ്റി നാദിർഖാൻ ആയിയെന്നും പോലീസ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മാത്രമല്ല, പുറത്തും സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. ഏതെങ്കിലും പ്രദേശത്ത് ചെന്ന് വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതാണ് ഇയാളുടെ ശീലം. അതോടൊപ്പം സമീപത്തെ ഏതെങ്കിലും സ്ത്രീകളുമായി സൗഹൃദവും സ്ഥാപിക്കും.
ക്രമേണ അവർ ഇയാളുടെ വലയിൽ വീഴും. പിന്നീട് വാടക വീട് ഒഴിഞ്ഞ് ആ സ്ത്രീയോടൊപ്പം താമസിക്കുന്നതും ഇയാളുടെ രീതിയാണെന്ന് പോലീസ് പറയുന്നു. രാത്രിയാണ് ഇയാൾ മിക്കവാറും മോഷണത്തിനും മറ്റും പുറത്തിറങ്ങാറുള്ളത്. പകൽ സമയം കറങ്ങി നടക്കുന്ന സ്വഭാവം ഇയാൾക്കില്ലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മദ്യപിക്കുന്ന ശീലവും ഇയാൾക്കില്ല. സംസ്ഥാനത്തെ പല സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായും ക്രിമിനലുകളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
നെയ്യാറ്റിൻകരയിൽ നിന്നും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു കുപ്രസിദ്ധ കുറ്റവാളിയാണെന്ന സംശയം തുടക്കത്തിലേ ഉയർന്നിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാധ്യത പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുമില്ല. വിലങ്ങിടാതെയാണ് കൊണ്ടുവന്നതെന്നതും പ്രതിക്ക് രക്ഷപ്പെടാൻ ഏറെ സഹായകമായി. അന്യസംസ്ഥാനത്തേയ്ക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും പോലീസിന്റെ അന്വേഷണത്തിൽപ്പെടുന്നു. മുൻപ് ഒരു കേസുമായി ബന്ധപ്പെട്ട് ഇയാൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയിൽ നിന്നാണ് പോലിസ് പിടിയിലായത്.
എന്തായാലും, പോലീസിനെ സംബന്ധിച്ചിടത്തോളം എറണാകുളം ബിജുവിന്റെ രക്ഷപ്പെടൽ വൻവീഴ്ച തന്നെയാണ്. ഇയാളെ കോടതിയിലേയ്ക്ക് കൊണ്ടുവന്ന പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ബിജുവിനെ പിടികൂടാനായി 20 പേരുൾപ്പെടുന്ന പ്രത്യേക പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് വളരെ കാര്യക്ഷമമായി തന്നെ അന്വേഷണം തുടരുന്നു. ഓരോ സംഘത്തിനും ഓരോ ദൗത്യമാണ് ഏൽപ്പിച്ചിട്ടുള്ളത്.
നിയമപരമായി ഇയാൾക്ക് ഒരിടത്തും ഭാര്യയോ മറ്റു ബന്ധങ്ങളോ ഇല്ല. എന്നാൽ ബന്ധം സ്ഥാപിച്ചിട്ടുള്ള സ്ത്രീകളെ സന്ദർശിക്കാറുണ്ട്. ആക്രമണകാരിയായ പ്രതിയാണ് ബിജുവെന്ന് പോലീസ് അടിവരയിട്ടു പറയുന്നു. പോലീസുകാരെ വരെ ആക്രമിച്ചിട്ടുള്ള സന്ദർഭങ്ങൾ നേരത്തെയുണ്ട്. അന്വേഷണം കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും അധികം വൈകാതെ തന്നെ ബിജുവിനെ പിടികിട്ടുമെന്നുമാണ് പോലീസിന്റെ നിഗമനം.