പെരുമ്പാവൂർ: ചേലാമറ്റത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ദന്പതികളുടെയും രണ്ടു മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കു ശേഷമായിരിക്കും സംസ്കാരം.
ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരാണ് വീടിനകത്ത് ഇരു കയറുകളിലായി ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചിട്ടിനടത്തിപ്പിലൂടെ ലഭിച്ച പണം പലർക്കും ബിജു വായ്പയായി നൽകിയിരുന്നു.
കോവിഡ് പിടിമുറുക്കിയതോടെ ഇത്തരത്തിൽ നൽകിയ പണം പലതും തിരികെ നൽകിയില്ല. ഇതോടെ ചിട്ടി ലഭിച്ചവർക്ക് പണം നൽകാൻ കഴിയാതെ വന്നു. പലർക്കും ബിജു പണം നൽകാനുമുണ്ട്.
പലരും ബിജുവിനും പണം കൊടുക്കാനുമുണ്ട്. ഇതോടെ പണം ലഭിക്കാനുള്ള പലരും പണം ചോദിച്ചു വിളികളും ബഹളങ്ങളും ഉണ്ടായി. പണം കൊടുക്കാനുള്ളവരോട് പറഞ്ഞിരുന്ന അവസാന അവധിയായിരുന്നു ഡിസംബർ 31.
മരിക്കുന്നതിനു തലേ ദിവസം വരെ അടുത്ത സുഹൃത്തുക്കളെ നേരിൽ കണ്ടും മറ്റും വിശേഷങ്ങൾ പങ്കുവച്ചിരുന്നു. കൂടാതെ വ്യാഴാഴ്ച വെളുപ്പിന് മുന്നുവരെ വാട്സ് ആപ്പിൽ സജീവമായിരുന്നു.
പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും വിവരങ്ങൾ ആത്മഹത്യ കുറിപ്പിനൊപ്പം എഴുതിവച്ചിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വാട്സാപ്പിലൂടെ മാപ്പ് ചോദിച്ചും യാത്ര പറഞ്ഞും അവർ പോയി
പെരുമ്പാവൂർ: ചിട്ടി നടത്തിപ്പിലെ പാളിച്ചകളും കടംവാങ്ങിയവർ ചതിച്ചതുമാണു നാലംഗ കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നാണു സൂചന.
ചിട്ടി നടത്തിപ്പും പാൽ കച്ചവടവുമായി സാധാരണജീവിതം നയിച്ചിരുന്നയാളാണു കുടുംബത്തോടൊപ്പം ജീവനൊടുക്കിയ ചേലാമറ്റം പാറപ്പുറത്തുകുടി ബിജു.ചിട്ടിപ്പണം ബിജു പലർക്കായി കൈവായ്പ നൽകാറുണ്ടായിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇവരിൽ പലരും തിരിച്ചുകൊടുക്കാതെ വന്നു.
ചിട്ടി ലഭിച്ചവർക്കു പണം നൽകലും ഇതോടെ മുടങ്ങി. പണം ലഭിക്കാനുള്ളവർ ബഹളമുണ്ടാക്കിയതോടെ കാര്യങ്ങൾ കൈവിട്ടു പോയ ബിജു കടുംകൈയ്ക്കു മുതിരുകയായിരുന്നുവെന്നാണു പോലീസ് നിഗമനം.
മരിക്കുന്നതിനു തൊട്ടു മുന്പുവരെ ബിജു വാട്സാപ്പ് വഴി ചിലരോടൊക്കെ മാപ്പ് പറയുകയും സുഹൃത്തുക്കളോടു യാത്ര പറയുകയും ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്.
പണം കൊടുക്കാനുള്ളവരോട് പറഞ്ഞിരുന്ന അവസാന അവധിയായിരുന്നു ഡിസംബർ 31. ഇന്നലെ പുലർച്ചെ മൂന്നുവരെ വാട്സാപ്പ് വഴി ബിജു ആശയവിനിമയം നടത്തിയിരുന്നു.
പിന്നീടു ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അർജുനൻ എന്നിവരെയും കൂട്ടി ബിജു യാത്രയായി.ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ലെങ്കിലും ബിജു മറ്റുള്ളവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.
പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും വിവരങ്ങൾ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നു പോലീസ് പറഞ്ഞു.