കൊച്ചി: പത്രത്തിൽ പരസ്യം നൽകി വിവാഹ തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതി ഇതിലൂടെ ലഭിച്ചിരുന്ന പണം വിനിയോഗിച്ചത് ആഡംബര ജീവിതം നയിക്കാനെന്നു പോലീസ്. വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളോട് വിവിധ പേരുകൾ പറഞ്ഞിരുന്ന പ്രതിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത് നിരവധി കേസുകൾ. ഇതിനോടകം അന്‍പതോളം യുവതികളെ കെണിയിൽപെടുത്തിയ മാനന്തവാടി കല്ലോടിയിൽ താമസക്കുന്ന പയ്യന്നൂർ സ്വദേശി ബിജു ആന്റണിയെ (38) ആണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പുനർവിവാഹത്തിനു പത്രത്തിൽ പരസ്യം നൽകി വിവാഹാലോചനയുമായി വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ പണവും സ്വർണവുമായി മുങ്ങുകയാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. 25 മുതൽ 60 വയസുവരെയുള്ളവരാണു കെണിയിൽ വീണവരിലേറെയും.
ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിനു 2008 മുതൽ കാസർഗോഡ് കുന്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകൾ നിലവിലുണ്ട്. മലപ്പുറം സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായ ഇയാൾ കഴിഞ്ഞ മാസം വടുതലയിൽ വാടകയ്ക്ക് വീടെടുത്തു താമസം തുടങ്ങുകയും ഒരാഴ്ചക്കകം യുവതിയുടെ പണവും സ്വർണവുമായി കടന്നുകളയുകയും ചെയ്തിരുന്നു.
ഇതിനിടയിൽതന്നെ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം 45,000 രൂപ കൈക്കലാക്കി. ഇതിനുപുറമേ വൈക്കം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചുവരികയുമായിരുന്നു. മലപ്പുറം സ്വദേശിനിയോട് റഫീഖ് എന്നും വൈക്കം സ്വദേശിനിയോട് ജീവൻ എന്നും മറ്റുള്ളവരോട് ബിജു എന്നുമാണ് ഇയാൾ പേര് പറഞ്ഞിരുന്നത്.
ഒരുപ്രാവശ്യം അടുപ്പത്തിലായ യുവതികളുടെ പേരിലെടുത്ത സിം കാർഡ് ആണ് ഇയാൾ പിന്നീട് പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. വയനാട്ടിലും ഗുണ്ടൽപേട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി അന്വേഷണം നടത്തി വരവേ കൽപറ്റ പോലീസിന്റെ സഹായത്തോടെയാണു പിടിയിലാകുന്നത്.
ഇയാൾ നൽകിയ വിവാഹ പരസ്യം കണ്ടു നിരവധി യുവതികൾ അറസ്റ്റിനുശേഷവും പ്രതിയുടെ ഫോണിൽ വിളിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലാകുന്നതിനു തലേദിവസവും ഇയാൾ പത്രത്തിൽ വിവാഹപരസ്യം നൽകിയിരുന്നു. ഇയാൾ പിടിയിലായതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണു പോലീസ് കരുതുന്നത്.
ഫേസ്ബുക്കിൽനിന്ന് ഇയാളുമായി സാമ്യമുള്ളവരുടെ ഫോട്ടോ എടുത്തശേഷം അതാണ് ഇയാൾ വാട്സ്ആപ്പ് മുഖചിത്രമായി ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. എസ്ഐ വിബിൻദാസ്, എഎസ്ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. െ