കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിജു മുന്പും പലതവണ അമ്മയെ മർദിച്ചിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പനച്ചിക്കാട് പാതിയപ്പള്ള് കടവ് തെക്കേകുറ്റ് ബിജു (52) വിനെയാണു അമ്മയെ മർദിച്ചുകൊന്ന കേസിൽ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പരിക്കിനെതുടർന്നു ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 23നു മരണപ്പെട്ടിരുന്നു.
അമ്മ വീണു പരിക്കുപറ്റിയതെന്നാണ് ബിജു ആശുപത്രിയിൽ പറഞ്ഞിരുന്നത്. തുടർന്നു മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലീസിന് സംശയം തോന്നിയതോടെ പോസ്റ്റുമോർട്ടം നടത്താൻ നിർദേശം നൽകി.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണു മരണ കാരണമെന്ന് ആശുപത്രി അധികൃതർ കണ്ടെത്തി.
ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മകൻ ബിജു അമ്മയുമായി വഴക്കുണ്ടാക്കി നെഞ്ചിലും മുഖത്തും ചവിട്ടുകയായിരുന്നുവെന്നു കണ്ടെത്തി.
ബിജുവും സഹോദരിയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഹോദരി അമ്മയെ കാണാൻ വരുന്നതിനെ ബിജു എതിർത്തിരുന്നു.
20നു ഉച്ചയ്ക്കു സഹോദരി അമ്മയെ കാണാൻ വന്നതിനെ ചൊല്ലിയാണ് ബിജുവും അമ്മയും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
തുടർന്ന് ഇയാൾ അമ്മയെ മർദ്ദിക്കുകയും നെഞ്ചിലും, മുഖത്തും ചവിട്ടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മുന്പും പലതവണ അമ്മയെ ബിജു മർദ്ദിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ ടി.ആർ. ജിജു, എസ്ഐ സുദീപ്, സിപിഒമാരായ എസ്. സതീഷ്, സലമോൻ, മണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.