പള്ളുരുത്തി: വാടക കുടിശിക ആവശ്യപ്പെട്ടുള്ള മാനസിക സമ്മര്‍ദം താങ്ങാനാവാതെ ഓട്ടോറിക്ഷാ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുടമസ്ഥനില്‍നിന്ന് പോലീസ് ഇന്നു മൊഴിയെടുക്കും.
കൊച്ചി തോപ്പുംപ്പടി വാലുമ്മല്‍ റോഡില്‍ അനീഷ് (36) ആണ് അത്മഹത്യ ചെയ്തത്. ഇദേഹത്തിന്റെ ഭാര്യ സൗമ്യ നല്കിയ പരാതിയിലാണ് വീട്ടുടമസ്ഥന്റെ മൊഴിയെടുക്കുന്നത്.
കോവിഡ് മൂലം ജോലി ചെയ്യാനാവാതെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്ത് മൂന്ന് മാസത്തെ വാടക കുടിശിക ആവശ്യപ്പെട്ട് വീട്ടുടമ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുവെന്ന് അനീഷിന്റെ ഭാര്യ സൗമ്യ തോപ്പുംപടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ അനീഷിനെ കണ്ടെത്തിയത്. പ്രതിമാസം 9000 രൂപ വാടകയ്ക്കാണ് ഇവര്‍ ശങ്കരന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചിരുന്നത്. മൂന്നു മാസത്തെ വാടക കൊടുക്കാനുണ്ടായിരുന്നു.
ഇവര്‍ താമസിച്ചിരുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണായതോടെ അനീഷിന് ഓട്ടോയ്ക്ക് സവാരി ലഭിക്കാതിരുന്നതിനാല്‍ വാടക കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞില്ല.
മുന്‍കൂറായി വീട്ടുടമസ്ഥന് നല്‍കിയിരുന്ന 25000 രൂപയില്‍ നിന്ന് മുടങ്ങി കിടന്നിരുന്ന ജൂണ്‍ മാസം മുതലുള്ള വാടക എടുക്കണമെന്നും ബാക്കി തുക കൂടി നല്കി വീടൊഴിയാന്‍ തയാറാണെന്നും അനീഷ് പറഞ്ഞിരുന്നു. ഇതൊന്നും വീട്ടുടമയ്ക്ക് സ്വീകാര്യമായിരുന്നില്ല.
വാടക ആവശ്യപ്പെട്ട് ഉടമ വാട്ട്സാപ്പ് സന്ദേശങ്ങളും അയച്ചിരുന്നു.അനീഷ് മരണപ്പെടുന്ന ദിവസം വീട്ടുടമ ബ്രോക്കര്‍ മുഖേന മറ്റൊരാളെ വീടു കാണിക്കുകയും അനീഷിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
ഇതിനു ശേഷം അനീഷ് അസ്വസ്ഥനാവുകയും ഇളയ കുട്ടിയെ എടുത്ത് ഉമ്മ വച്ച് മുറിയില്‍ കയറി കതകടച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
അതു കൊണ്ടു തന്നെ വീട്ടുടമയുടെ മാനസിക സമ്മര്‍ദമാണ് അനീഷിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൗമ്യ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് ഒമ്പതു വയസുള്ള പെണ്‍കുട്ടിയും രണ്ടു വയസുള്ള ആണ്‍കുട്ടിയുമാണുള്ളത്.