പയ്യന്നൂർ: ആർഎസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. 12 പ്രതികളുള്ള സംഭവത്തിൽ 11 സിപിഎം പ്രവർത്തകരെ അറസ്റ്റ്ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന ഒരാൾ മാത്രമാണ് ഈ കേസിൽ ഇനി പിടിയിലാകാനുള്ളത്.
ഭക്ഷണം നൽകിയതും അഭയം നൽകിയതും വഴി കാണിച്ചുകൊടുത്തതുമായ മൂന്നുപേർക്ക് കോടതി ജാമ്യം നൽകിയിരുന്നു. ബാക്കിയുള്ള എട്ടുപേർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തതിലൂടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാടകയ്ക്കെടുത്ത ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് കുറ്റപത്രം നൽകാനുള്ള നടപടികൾ ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എം.പി. ആസാദ് പറഞ്ഞു. കുറ്റപത്രത്തിന്റെ അവസാന മിനുക്ക് പണികൾ പൂർത്തീകരിച്ച് കോടതിയിൽ നാളെ സമർപ്പിക്കും. കഴിഞ്ഞ മേയ് 12നാണ് സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം പാലക്കോട് പാലത്തിന് സമീപമെത്തിയപ്പോൾ വെട്ടിക്കൊലപ്പെടുത്തിയത്.