വൈക്കം: കടം വാങ്ങിയ പണം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുർന്ന് വ്യാപാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ പണം നല്കാനുണ്ടായിരുന്നയാൾക്കെതിരെ പോലീസ് കേസെടുക്കും. വൈക്കത്തെ കൃഷ്ണ ടെക്സ്റ്റയിൽസ് ഉടമ വൈക്ക പ്രയാർ പരുത്തിക്കാനിലത്ത് കൃഷ്ണ നിവാസിൽ ബിജു (48) ആണ് തികൊളുത്തി ജീവനൊടുക്കിയത്. ബിജു കടമായി നല്കിയ പണം തിരികെ നല്കാനുള്ള വൈക്കം ബെസ്റ്റ് ബേക്കറി ഉടമ ബാബുവിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയായിരിക്കും പോലീസ് കേസെടുക്കുന്നത്.
ഇന്നലെ രാവിലെ ബാബുവിന്റെ വീട്ടിനു മുന്നിലെത്തിയ ബിജു പെട്രോളിച്ചു തീകൊളുത്തിയശേഷം വീട്ടിലേക്കു ഓടി കയറുകയായിരുന്നു. പൊള്ളലേറ്റ ബാബുവിന്റെ ഭാര്യ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈക്കം കച്ചേരിക്കലയ്ക്ക് സമീപം എസ്ബിഐക്കടുത്തായി പ്രവർത്തിക്കുന്ന ബിജുവിന്റെ വസ്ത്രാലയത്തിനു അഭിമുഖമായി ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ബാബുവിന്റെ ബേക്കറി പ്രവർത്തിക്കുന്നത്.
ഇന്നലെ രാവിലെ 10ന് ബാബു ബിജു കടം വാങ്ങിയ രണ്ടു ലക്ഷത്തിലധികം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് വസ്ത്രവ്യാപാരശാലയിലെത്തി ബിജുവുമായി കലഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. രൂക്ഷമായ വാക്കുതർക്കത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ബിജു ബാബുവിന്റെ വീട്ടിലെത്തി ജീവനൊടുക്കിയതെന്നാണ് ബിജു മരിക്കുന്നതിന് മുന്പ് മജിസ്ട്രേറ്റിനു മൊഴി നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു.
മജിസ്ട്രേറ്റിന്റെ റിപ്പോർട്ടു ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ബാബുവിന്റെ വീടിന്റെ കാർപോർച്ചിൽ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടെയാണു ബാബുവിന്റെ ഭാര്യയക്കു പൊള്ളലേറ്റത്. ബിജുവിന്റെ ഭാര്യ: മഞ്ജു. മക്കൾ: കൃഷ്ണ, നന്ദന