തിരുവനന്തപുരം: ജനാധിപത്യ ബോധം എന്താണ് എന്നതും ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നതും എം എൽ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണെന്ന് ചലച്ചിത്രകാരൻ ഡോ.ബിജു.
സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർഥിയോട് കൊല്ലം എംഎൽഎ മുകേഷ് കയർത്തു സംസാരിച്ചുവെന്ന വിവാദത്തോടുള്ള പ്രതികരണമായാണ് ഡോ.ബിജു ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്.
ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്.
പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എംഎൽഎ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ് നൽകുന്നത് നന്നായിരിക്കും.
ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്.
അപ്പോൾ ഏത് ജില്ലയിൽ നിന്നു ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്- ഡോ.ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാഥിയും മുകേഷും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അതേസമയം ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രാണ് താൻ നടത്തിയതെന്നും എം എൽ എ മുകേഷ് പ്രതികരിച്ചു.