നാഴികയ്ക്കു നാല്‍പ്പതുവട്ടം നവോത്ഥാനം പ്രസംഗിക്കുന്ന സിപിഎമ്മുകാര്‍ ഇത് കാണുന്നുണ്ടോ ? ഒഡീഷയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി ബിജു ജനതാദള്‍; കൈയ്യടിച്ച് സ്ത്രീകള്‍…

ഭുവനേശ്വര്‍: നാഴികയ്ക്കു നാല്‍പതു വട്ടം നവോത്ഥാനം പ്രസംഗിക്കുന്ന ആളുകളാണ് സിപിഎമ്മുകാര്‍. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പറയുമ്പോള്‍ രാഹുല്‍ ഗാന്ധിയ്ക്കും നൂറു നാവാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രസംഗിച്ച കാര്യങ്ങളൊന്നും ഇവര്‍ക്ക് ഓര്‍മ ഉണ്ടാകാറില്ല. എന്നാല്‍ ഇത്തരക്കാരെ നാണിപ്പിക്കുന്ന തീരുമാനമാണ് ഒഡീഷയിലെ ബിജു ജനതാദള്‍ എടുത്തിരിക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റുകളില്‍ 33 ശതമാനം സംവരണം നടത്താനാണ് ബിജു ജനതാദള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കാണ് സംവരണം സംബന്ധിച്ച് വിവരം വെളിപ്പെടുത്തിയത്.

ഒഡീഷയില്‍ 21 സീറ്റുകളിലാണ് ബിജെഡി മത്സരിക്കുന്നത്. ഇതില്‍ 33 ശതമാനം സീറ്റുകളിലും വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരിക്കുന്നത്. ഒഡീഷയിലെ കേന്ദ്രപ്പാറയില്‍ നടന്ന മിഷന്‍ ശക്തി കണ്‍വന്‍ഷനിലാണ് പട്‌നായിക്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് തീയതി എന്നാണെന്ന് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് വനിതകള്‍ക്ക് ഊര്‍ജ്ജം പകരുന്ന വാര്‍ത്ത നവീന്‍ പട്നായിക്ക് അറിയിച്ചത്.രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരത്തില്‍ തീരുമാനമെടുക്കൂന്നത് ആദ്യമായിട്ടാണെന്നും ഇത് വനിതകളെ പാര്‍ട്ടിയിലേക്കും നേതൃനിരയിലേക്കും നയിക്കാന്‍ ഏറെ സഹായകരമാവുമെന്നുമാണ് നിഗമനം. 21 പാര്‍ലമെന്ററി സീറ്റുകളില്‍ ഏഴെണ്ണത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്നാണ് സൂചന.

‘ഒഡീഷയില്‍ നിന്ന് 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റിലേക്ക് അയയ്ക്കും. ഇത് മുന്‍ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ സ്വപ്നമായിരുന്നെന്നും നവീന്‍ പട്‌നായിക്ക് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തി രാജ്യത്തിന് മാതൃക കാണിച്ച നേതാവാണ് ബിജു പട്‌നായിക്കെന്നും’ നവീന്‍ പട്‌നായിക്ക് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി വനിതാ വോട്ടര്‍മാരാണ് ബിജെഡിയുടെ വിജയത്തിന് പിന്നില്‍ എന്നും പൊതുവേ വിലയിരുത്തലുണ്ട്. 3.18 കോടി വോട്ടര്‍മാരില്‍ 1.54 കോടിയും വനിതകളാണ്. മാത്രമല്ല 2014ല്‍ ജയ്പൂരില്‍ നിന്നും കെഞ്ചാറില്‍ നിന്നും വനിതാ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി മത്സരിപ്പിക്കുകയും ചെയ്തിരുന്നു.

ബിജു പട്‌നായിക്കിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് വനിതാ സംവരണം നടപ്പിലാക്കുന്നത്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും ബിജു ജനതാദളിന്റെ പാത പിന്തുടരണമെന്നും നവീന്‍ പട്‌നായിക്ക് ആവശ്യപ്പെട്ടു. യു.പി.എ അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. ബിജു ജനതാദളിന്റെ തീരുമാനം വന്നതോടെ സിപിഎമ്മും കോണ്‍ഗ്രസും തീരുമാനത്തെ മാതൃകയാക്കണമെന്നാണ് സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്നത്. എന്തായാലും നിരവധി സ്ത്രീകളാണ് സോഷ്യല്‍ മീഡിയയിലൂടെ ബിജു ജനതാദളിന് അഭിവാദ്യമര്‍പ്പിച്ച് രംഗത്തു വരുന്നത്.

Related posts