ആധുനീക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതം.
ഇയാള്‍ പഠനസംഘത്തില്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് അടക്കം നല്കിയ നിര്‍ദേശ പ്രകാരം പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
ഓണ്‍ലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ചു കര്‍ഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കിളിയന്തറയിലെ രണ്ട് ഏക്കറില്‍ ടാപ്പ് ചെയ്യുന്ന റബര്‍ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്.
പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തില്‍ വാഴയും കമുകും ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വൈവിധ്യമായ വിളകള്‍ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസര്‍ വ്യക്തമാക്കി.
മൈസൂരുവില്‍ ഉള്‍പ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികള്‍ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി സുഹൃത്തുക്കള്‍ പറഞ്ഞു.
ഇസ്രയേലില്‍ പോകാനുള്ള ആഗ്രഹം നേരത്തേ മുതല്‍ പ്രകടിപ്പിച്ചിരുന്നതായും ഇവര്‍ സൂചിപ്പിച്ചു. അതേസമയം ബിജു കുര്യനെ കാണാതായതില്‍ കുടുംബവും ദുഃഖത്തിലാണെന്ന് സഹോദരന് ബെന്നി കുര്യന് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടര്‍ച്ചയായി ഫോണില്‍ വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ല.
ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്നു സഹോദരന് ബെന്നി പറഞ്ഞു.