നവീന കൃഷിരീതികള് പഠിക്കാന് ഇസ്രയേലിലേക്ക് പറന്ന കര്ഷക പ്രതിധിനി സംഘം തിരികെയെത്തിയപ്പോള് ചര്ച്ചയാകുന്നത് സംഘാംഗമായിരുന്ന ബിജു കുര്യന്റെ തിരോധാനം.
സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലിലേക്ക് തിരിച്ച കര്ഷക സംഘത്തില് കണ്ണൂര് തൊട്ടിപ്പാലം സ്വദേശി ബിജു കുര്യന് കയറിക്കൂടിയത് കൃത്യമായ പദ്ധതികളോടെയായിരുന്നു എന്നാണ് ഇപ്പോള് ലഭിക്കുന്ന വിവരം.
നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണ് ഇയാളെ കാണാതാവുന്നതെന്ന് സംഘാംഗങ്ങള് പറഞ്ഞു.
രാത്രി ഭക്ഷണം കഴിക്കാന് ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
യാത്ര ഏറെ ഗുണകരമായിരുന്നെന്നും പുതിയ കൃഷിമാതൃകകള് പഠിക്കാനായെന്നും കര്ഷകര് പറഞ്ഞു. കൃഷിവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.
ബിജു കുര്യന്റെ അപേക്ഷ പരിഗണിച്ച് കൃഷിയിട പരിശോധനയും മറ്റു പരിശോധനകളുംകഴിഞ്ഞ് യോഗ്യതയുണ്ടെന്ന് കണ്ടശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്ന് കൃഷി ഓഫീസര് കെ.ജെ. രേഖ പറഞ്ഞു.
ഇസ്രയേലിലെ കനത്ത ശമ്പളമാണ് ബിജു കുര്യനെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.
ഇസ്രയേലില് ശുചീകരണജോലി ചെയ്താല്ത്തന്നെ ദിവസം 15,000 രൂപകിട്ടും. കൃഷിമേഖലയില് ഇതിന്റെ ഇരട്ടിയാണ് വേതനം.
ഇതെല്ലാമറിഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്ത് ബിജു കുര്യന് പോയതാണെന്ന് സഹയാത്രികന് സുജിത് പറഞ്ഞു.