കോഴിക്കോട്: ആധുനിക കൃഷിരീതികൾ പഠിക്കുന്നതിന് കേരള സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ ഇരിട്ടി പേരട്ട സ്വദേശി ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ നാലോടെയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് സർക്കാർ അയച്ച സംഘത്തിൽനിന്ന് വിട്ടുപോയതെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു.
സംഘത്തിലുണ്ടായിരുന്നവരോട് കാര്യം അറിയിച്ചാൽ അനുമതി ലഭിക്കില്ലെന്ന് കരുതിയാണ് പറയാതെ പോകേണ്ടി വന്നത്. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാത്തത്.
സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു പറഞ്ഞു. സ്വമേധയാതന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്.
ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരന് ടിക്കറ്റ് എടുത്ത് അയച്ചു തന്നു. ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും ബിജു കുര്യന് പറഞ്ഞു.
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വളരെ വേഗം മടങ്ങിയെത്താമെന്നാണ് കരുതിയത്. പുണ്യസ്ഥലങ്ങളില്‍ മലയാളികള്‍ ഉണ്ടായിരുന്നു.
ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടേയും തെറ്റായ പ്രചാരണം നടന്ന വിഷമത്തിലാണ് സംഘത്തോടൊപ്പം ചേരാൻ സാധിക്കാതെ വന്നത്. പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സംഘത്തോടൊപ്പം തിരിച്ചുവരാനായിരുന്നു പദ്ധതി.
കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഒരുപാട് കൃഷിരീതികള്‍ ഇസ്രായേലില്‍നിന്ന് പഠിച്ചുവെന്നും ബിജു കൂട്ടിച്ചേര്‍ത്തു. ബിജു കുര്യൻ പിന്നീട് ഇരിട്ടി പേരട്ടയിലെ വീട്ടിലേക്കു പോയി.