2006ല്‍ ആയിരുന്നു തിരുവനന്തപുരം സ്വദേശി ബിജു ബാബുവും ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം. ഒന്നിച്ച് ജോലി ചെയ്തിരുന്ന അധ്യാപികമാരുടെ മക്കളായിരുന്നു ഇരുവരും. സ്വകാര്യ ചടങ്ങുകളില്‍ കണ്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ബിജു താല്പര്യം പ്രകടിപ്പിക്കുന്നു. വീട്ടുകാര്‍ക്കും സമ്മതം. അങ്ങനെ മലയാള സിനിമയിലെ തലയെടുപ്പുള്ള സംവിധായകന്റെ മകളായ ഉടുമ്പന്നൂരുകാരി ബിജുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. മലയാളത്തില്‍ വിനീതിനെയും കുഞ്ചാക്കോ ബോബനെയും മുഖ്യകഥാപാത്രങ്ങളാക്കി മഴവില്ല് എന്ന സിനിമ സംവിധാനം ചെയ്ത അച്ഛന്‍ തന്നെയാണ് വിവാഹത്തിനുള്ള സ്വര്‍ണവും പണവും ഒരുക്കിയത്.
അന്ന് സിഡിറ്റില്‍ ജോലിക്കാരനായിരുന്നു ബിജു. വിവാഹശേഷം തിരുവനന്തപുരത്ത് തന്നെ താമസം. കുട്ടികളുണ്ടാകാതിരുന്നതോടെ ഇരുവരും അമ്പലങ്ങളിലും ആരാധനാലയങ്ങളിലും നേര്‍ച്ചകാഴ്ച്ചകള്‍ കഴിച്ച് അതിയായി പ്രാര്‍ത്ഥിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം ദമ്പതികളുടെ ജീവിതത്തിലേക്ക് ആ കുരുന്നു പിറന്നു. ജീവിതം സന്തോഷകരമായി മുന്നേറുന്ന സമയം. ഇതിനിടെ സിഡിറ്റിലെ ജോലി നഷ്ടമായ ബിജു ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നു. ഭാര്യയും കുട്ടികളും അതോടെ ആലുവയിലേക്ക് വന്നു.
ഈ സമയത്തൊക്കെ ബന്ധുവായ അരുണ്‍ ആനന്ദിനെ ബിജു ഒരുകൈ അകലത്തില്‍ നിര്‍ത്തുകയായിരുന്നു. അരുണിന്റെ ക്രിമിനല്‍ സ്വഭാവവും സ്ത്രീകളുമായുള്ള ബന്ധവുമൊക്ക ബിജുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ കുടുംബത്തില്‍ അരുണിനെ അടുപ്പിച്ചതുമില്ല. ആലുവയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ബിജുവിന്റെ അമ്മായിയമ്മ, അതായത് യുവതിയുടെ അമ്മ വീട്ടില്‍ തനിച്ചാണെന്നും തനിക്കൊപ്പം വന്നു നില്ക്കണമെന്നും ആവശ്യപ്പെടുന്നത്.
ഭര്‍ത്താവിന്റെ അമ്മയോട് അതിയായ സ്‌നേഹമുണ്ടായിരുന്ന ബിജു അങ്ങനെ ആലുവയിലെ ജോലി ഉപേക്ഷിച്ച് ഉടുമ്പന്നൂരിലേക്ക് താമസംമാറി. കാറുകള്‍ക്കായി തൊടുപുഴയില്‍ ഒരു വര്‍ക്ക് ഷോപ്പും തുടങ്ങി. ഈ സമയമൊക്കെ കുടുംബജീവിതം സന്തോഷകരമായിട്ടാണ് പോയിരുന്നതെന്ന് അകന്ന ബന്ധുക്കള്‍ പറയുന്നു.
ഇടയ്ക്ക് ബിജുവും ഭാര്യയും കുട്ടികളും തിരുവനന്തപുരത്ത് എത്തുമ്പോഴോക്കെ അരുണ്‍ ഇവരെ കാണാന്‍ തറവാട്ടില്‍ എത്തിയിരുന്നതായി ബന്ധുക്കള്‍ ഓര്‍ക്കുന്നു. ബിജുവിന്റെ ഭാര്യയുമായി പുറമേ ചെറിയ സൗഹൃദം മാത്രമേ അരുണിന് ഉണ്ടായിരുന്നുള്ളുവെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. എന്നാല്‍ ഈ ബന്ധത്തിന്റെ ആഴം എത്രമാത്രമായിരുന്നുവെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും സംശയമുണ്ട്.
കുട്ടികളെ ബിജുവിന് വലിയ ജീവനായിരുന്നു. സോഷ്യല്‍മീഡിയയില്‍ കുട്ടികളുമൊപ്പമുള്ളായിരുന്നു ബിജു കൂടുതലും ഇട്ടിരുന്നത്. ഭാര്യയെയും കുട്ടികളെയും കൂട്ടി യാത്ര പോകുന്നത് ബിജുവിന് വലിയ ഇഷ്ടമായിരുന്നു. കാറില്‍ കേരളത്തിന് പുറത്തേക്ക് കുടുംബവുമായി അദേഹം പലവട്ടം യാത്ര ചെയ്തിട്ടുണ്ട്.