സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിക്കുവേണ്ടി വോട്ടഭ്യർഥിച്ച തൃശൂർ സ്വദേശിയായ നടൻ ബിജുമേനോനെതിരെ സൈബർ ആക്രമണം. ഇക്കണക്കിനാണെങ്കിൽ ബിജുമേനോന്റെ സിനിമകൾ ബഹിഷ്കരിക്കേണ്ടി വരുമെന്ന രീതിയിലാണ് സൈബർ ആക്രമണം തുടരുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ ലുലു കണ്വൻഷൻ സെന്ററിൽ നടന്ന സിനിമാ മേഖലയിലുളളവരടക്കം പങ്കെടുത്ത പരിപാടിയിലാണ് ബിജുമേനോൻ സുരേഷ്ഗോപിയെ പ്രശംസിച്ചതും തൃശൂരിന് സുരേഷ്ഗോപിയെ കിട്ടിയാൽ അത് ഭാഗ്യമാണെന്ന് പറഞ്ഞതും.
ഇതെത്തുടർന്നാണ് ബിജുമേനോന്റെ ഫെയ്സ്ബുക്കിൽ സൈബർ ആക്രമണം തുടങ്ങിയത്. മലയാളികളുടെ മനസിൽ ബിജുമേനോന് ഒരു സ്ഥാനമുണ്ടെന്നും ഇത്തരക്കാരുടെ വക്കാലത്ത് പിടിച്ച് അത് കളയരുതെന്നും ബിജുമേനോന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ബിജുമേനോൻ ചിത്രങ്ങൾ തങ്ങൾ വേണ്ടെന്ന് വയ്ക്കുമെന്ന ഭീഷണിയും സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നു.
മിസ്റ്റർ ബിജുമേനോൻ ഉള്ള വില കളയരുത്..ചാണകം ചാരിയാൽ ചാണകം തന്നെയേ മണക്കൂ എന്ന രീതിയിലുളള കമന്റുകളും കുറവല്ല. ബിജുവേ താനൊരു ചാണകമാണെന്ന് അറിഞ്ഞില്ല ഉണ്ണ്യേ…മനസിൽ ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു..ആ സ്ഥാനത്ത് ഇപ്പോൾ ഒരു അറപ്പാണ്..മറനീക്കി പറഞ്ഞുതന്നതിന് നന്ദി എന്നാണ് മറ്റൊരു ഡയലോഗ്.
കട്ട ഫാൻ ആയ ഒരു ആരാധകന് ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് പറയുന്നത്.
ഏതായാലും ചാണകത്തിൽ നനഞ്ഞു ഇനി കുളിച്ചുകയറിയാൽ മതിയെന്ന ഉപദേശവുമുണ്ട്. ബിജുമേനോനെതിരെയുളള സൈബർ ആക്രമണം തുടരുന്പോൾ സുരേഷ്ഗോപിയുടെ മകൻ ഗോകുൽ സുരേഷ്ഗോപി പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
ഗോകുലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് –
ഇങ്ങനെ ഒരേപോലത്തെ കമന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെയാണ്.
സൈബർ ആക്രമണം നടത്തുന്നവരെ പ്രതിരോധിച്ചുകൊണ്ട് ബിജുമേനോന്റെ ആരാധകരും പോസറ്റുകളിടുന്നുണ്ട്.
മമ്മൂട്ടിക്ക് ആകാമെങ്കിൽ, സിദ്ദിഖിന് ആകാമെങ്കിൽ, ആഷിക് അബുവിന് ആകാമെങ്കിൽ, കമാലുദ്ദീന് ആകാമെങ്കിൽ, ഇന്നസെന്റിന് ആകാമെങ്കിൽ, ജഗദീഷിന് ആകാമെങ്കിൽ, ഗണേഷ്കുമാറിന് ആകാമെങ്കിൽ, സുരേഷ്ഗോപിക്കും ആകാം ബിജുമേനോനും ആകാം എന്ന പോസ്റ്റുകൾ ബിജുമേനോന് അനുകൂലമായി വന്നിട്ടുണ്ട്.
സുരേഷ്ഗോപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണത്തെതുടർന്ന് സുരേഷ്ഗോപിയോട് വിശദീകരണം ചോദിച്ച തൃശൂർ ജില്ല കളക്ടർ ടി.വി.അനുപമക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. കളക്ടറാണെന്ന് കരുതി നടി അനുപമ പരമേശ്വരനും സൈബർ ആക്രമണത്തിനിരയായിയിരുന്നു.