വർഷങ്ങൾക്കു മുമ്പ്, 1993-94 കാലഘട്ടത്തിൽ തിരുവനന്തപുരം ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന മിഖായേലിന്റെ സന്തതികൾ എന്ന സീരിയൽ വേറിട്ട ഒരു കാഴ്ചാനുഭവമായിരുന്നു. അതുവരെയുള്ള പതിവു സോപ്പുസീരിയലുകളുടെ എല്ലാ ചട്ടക്കൂട്ടുകളും പൊളിച്ചെഴുതിക്കൊണ്ടുള്ള ആ സീരിയലിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അലോഷി എന്ന കഥാപാത്രമായിരുന്നു. അഭിനയത്തിൽ നാടകീയത ഒട്ടും തന്നെയില്ലാതെ, ഗാംഭീര്യമുള്ള ഡയലോഗ് മോഡുലേഷനുമായി അലോഷി എന്ന മിഖായേലിന്റെ പുത്രൻ അന്ന് ദൂരദർശൻ പ്രേക്ഷകരുടെ പ്രിയങ്കരനായി.
ബിജുമേനോൻ എന്ന ആ പുത്രൻ ഇന്ന് മലയാള സിനിമയുടെ പ്രിയങ്കരനാകുമ്പോൾ ആ തൃശൂർക്കാരന് ഇത് സിനിമയിലെ മുപ്പതാം വർഷം. ഈ മൂന്നു പതിറ്റാണ്ടിനിടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ചും വെറുപ്പിച്ചും അമ്പരിപ്പിച്ചും ബിജു മേനോൻ തനിക്കു കിട്ടിയ എല്ലാ വേഷങ്ങളും ഗംഭീരമാക്കി.
മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിൽ നിന്നു ജൂഡ് അട്ടിപ്പേറ്റിയും പി.എഫ്. മാത്യൂസും പുത്രൻ എന്ന സിനിമ ഒരുക്കാൻ തീരുമാനിക്കുമ്പോൾ അതിലെ നായകനായി സീരിയലിലെ അലോഷി തന്നെ മതിയെന്ന് നിശ്ചയിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അങ്ങിനെ 1994ൽ പുത്രൻ തീയറ്ററുകളിലെത്തി. പുത്രൻ പക്ഷെ തീയറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. എന്നാൽ മലയാളസിനിമാത്തറവാട്ടിലേക്ക് ബിജുമേനോനെന്ന പുത്രന് അതൊരു എൻട്രിയായി.
ശരിക്കുപറഞ്ഞാൽ 1991ൽ ഈഗിൾ എന്ന ചിത്രത്തിൽ ബിജു മേനോൻ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റായിട്ട് അഭിനയിച്ചിരുന്നു. പേരൊന്നുമില്ലാത്ത ഒരു കഥാപാത്രമായിട്ട്. സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ശേഷം പുത്രനിലൂടെ മലയാളസിനിമയിൽ കാലുറപ്പിക്കുകയായിരുന്നു ബിജുമേനോൻ. പുത്രൻ വിജയിച്ചില്ലെങ്കിലും മലയാളത്തിലെ സംവിധായകർ ബിജു മേനോൻ എന്ന നടനെ ശ്രദ്ധിച്ചു.
ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന ചിത്രത്തിലെ പോലീസുദ്യോഗസ്ഥന്റെ വേഷം ബിജുമേനോന്റെ മികവ് തെളിയിച്ചു. വില്ലൻ വേഷങ്ങൾ ഈ യുവതാരത്തിന്റെ കൈയിൽ ഭദ്രമാണെന്ന് ഹൈവേ തെളിയിച്ചു. തൊട്ടുപിന്നാലെ എത്തിയ മാന്നാർ മത്തായി സ്പീക്കിംഗിലും തന്റെ കിടിലൻ വില്ലൻ വേഷവുമായി ബിജുമേനോൻ പ്രേക്ഷകരെ വിറപ്പിച്ചു. എന്നാൽ പിന്നീടു വന്ന ആദ്യത്തെ കണ്മണിയിൽ ബിജു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
വില്ലനായും കോമഡിയനായും തിളങ്ങുമെന്ന് ബിജുമേനോൻ കാണിച്ചുതന്നതോടെ വൈവിധ്യമുള്ള കഥാപാത്രങ്ങൾ ഈ നടനെ തേടിയെത്തി. മഹാത്മയിലെ നായകതുല്യമായ കഥാപാത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിലും താൻ മിന്നൽ പ്രകടനം നടത്തുമെന്ന് ബിജു തെളിയിച്ചു. അഴകിയ രാവണനിലെ പാവം ക്രൂരനായ കാമുകൻ ബിജുമേനോന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി. പിന്നീട് പല ചിത്രങ്ങളിലും നായകനായും ഉപനായകനായും ബിജുമേനോന് തിളങ്ങാനായി. മലയാളത്തിലെ പുതിയ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലേക്ക് ബിജുമേനോൻ അപ്പോഴേക്കും എത്തപ്പെട്ടിരുന്നു.
1997ൽ കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രം ബിജുമേനോന്റെ ജാതകം മാറ്റിയെഴുതി. അഖിൽ എന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങൾ ബിജു ഉള്ളിൽതട്ടും വിധം അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്ക് വിസ്മയമായി. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം കൃഷ്ണഗുഡിയിലൂടെ ബിജുമേനോനു ലഭിച്ചു. സിനിമയിലെത്തിയതിന്റെ മൂന്നാം വർഷം ഒരു നടന് ലഭിക്കാവുന്ന മികച്ച അംഗീകാരം.
കളിയാട്ടം, പ്രണയവർണങ്ങൾ, അസുരവംശം, ഒരു മറവത്തൂർ കനവ് എന്നീ ചിത്രങ്ങളിലെല്ലാം ഇതിനോടകം ബിജുവിന്റെ കഥാപാത്രങ്ങൾ കൈയടിയും പ്രേക്ഷകപ്രീതിയും നേടി. 1997ന്റെ അവസാനം തീയറ്ററുകളിലെത്തിയ ജോഷി-രണ്ജിപണിക്കർ-സുരേഷ്ഗോപി ടീമിന്റെ പത്രം എന്ന സിനിമയിൽ എസിപി ഫിറോസ് മുഹമ്മദായി എത്തിയ ബിജുമേനോൻ തന്റെ കിടിലൻ ഡയലോഗുകൾ കൊണ്ട് തിയറ്ററുകളിൽ കൈയടികൾ നിറച്ച് പൂരപ്പറമ്പാക്കി. മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് പത്രത്തിലൂടെ ബിജുവിന് ലഭിച്ചു.
ഒരു സിനിമയിൽ നായകനെങ്കിൽ അടുത്തതിൽ ഉപനായകൻ, തൊട്ടടുത്ത ചിത്രത്തിൽ കൊടും വില്ലൻ, പിന്നെ തമാശക്കാരൻ…ഇങ്ങനെ കഥാപാത്രങ്ങളുടെ ഗ്രാഫിൽ വൈവിധ്യങ്ങൾ നിറച്ചാണ് ബിജുമേനോൻ തന്റെ കരിയറിൽ കരുക്കൾ നീക്കിയത്. ചിത്രശലഭം എന്ന ചിത്രത്തിൽ നായകന്റെ ഒപ്പം നിൽക്കുന്ന ഡോ.സന്ദീപ് എന്ന കഥാപാത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ സ്ത്രീലമ്പടനായ ഉത്തമൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ പാവം ഭർത്താവ്, എഫ്ഐആറിൽ പോലീസ് ഓഫീസർ ഗ്രിഗറി, മില്ലേനിയം സ്റ്റാർസിൽ ഗായകൻ ശിവൻ, മഴയിൽ ജീവിതസഖി സംയുക്ത വർമക്കൊപ്പം ശാസ്ത്രികളായി…അങ്ങനെ ടൈപ്പ് ചെയ്യപ്പെടാതെ ഒരുപാട് കഥാപാത്രങ്ങൾ…
മധുരനൊമ്പരക്കാറ്റ്, കരുണം, ദുബായ്, രണ്ടാംഭാവം, അച്ഛനെയാണെനിക്കിഷ്ടം, മേഘമൽഹാർ, പ്രജ, ശിവം, ശേഷം, ക്രോണിക് ബാച്ചിലർ, ഇവർ, പട്ടാളം, പെരുമഴക്കാലം, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, നസ്രാണി, റെഡ് ചില്ലീസ്, ഡാഡി കൂൾ, റോബിൻഹുഡ്, ജനകൻ, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയന്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്ത്യൻ ബ്രദേഴ്സ്, സീനിയേഴ്സ്, ഓർഡിനറി, മായാമോഹിനി, മല്ലുസിംഗ്, റണ് ബേബി റണ്, റോമൻസ്, വെള്ളിമൂങ്ങ, സാൾട്ട് മാംഗോ ട്രീ, അനാർക്കലി, ലീല, അനുരാഗ കരിക്കിൻ വെള്ളം, മരുഭൂമിയിലെ ആന, രക്ഷാധികാരി ബൈജു ഒപ്പ്, ഷെർലക് ടോംസ്, നാൽപ്പത്തിയൊന്ന്, അയ്യപ്പനും കോശിയും, ആർക്കറിയാം, തങ്കം, ഗരുഡൻ, തലവൻ, നടന്ന സംഭവം… അഭിനയിച്ച ഓരോ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തം. കഥാപാത്രങ്ങളിൽ വില്ലൻമാരും പോലീസുകാരും കൂടുതലെന്ന് തോന്നും.
ഈ വർഷം പുറത്തുവന്ന തുണ്ടിലും തലവനിലും പോലീസുകാരനായി വിലസി. നടന്ന സംഭവത്തിൽ ഉണ്ണിയേട്ടനായി ബിജു ആർമാദിച്ചു. എം.ടി.വാസുദേവൻനായരുടെ ഒമ്പതു ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ഒമ്പതു സിനിമകളുടെ ശ്രേണിയായ മനോഹരങ്ങളിൽ ബിജുമേനോന് നല്ലൊരു വേഷമുണ്ട്. തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിന്റെ ഈ പുത്രൻ തന്റെ സാന്നിധ്യമറിയിച്ചു.
അയ്യപ്പൻ നായർ എന്ന മുരടനായ പോലീസുകാരനെ, പാലക്കാട് മുണ്ടുരുള്ള മാടനെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച ബിജുമേനോന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം ലഭിച്ചത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയമികവിനെ മികച്ച നടനുള്ള പുരസ്കാരം നൽകി സംസ്ഥാന സർക്കാരും അംഗീകരിച്ചു. ടി.ഡി.ദാസൻ സ്റ്റാൻഡേഡ് സിക്സ് ബി എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും സംസ്ഥാന സർക്കാരിൽ നിന്നു ബിജു ഏറ്റുവാങ്ങി.
കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും ഏഷ്യാനെറ്റ് ഫിലിം അവാർഡുകളും ഫിലിംഫെയർ സൗത്ത് അവാർഡുകളും ഉൾപ്പടെ എത്രയോ പുരസ്കാരങ്ങൾ ഈ മൂന്നു പതിറ്റാണ്ടിനിടയിൽ ബിജുമേനോനെ തേടിയെത്തി. ഓരോ സിനിമ കഴിയും തോറും തങ്കം പോലെ തിളങ്ങുകയാണ് ഈ നടൻ. ഒരേ പോലുള്ള വേഷങ്ങൾ ചെയ്യേണ്ടി വരുന്പോൾ പോലും അവയ്ക്കെല്ലാം വ്യത്യസ്തത പകരാൻ ബിജുമേനോന് ഒരു പ്രത്യേക കഴിവുണ്ട്. വരാനിരിക്കുന്ന വർഷങ്ങൾ ബിജുമേനോന്റെ തന്നെയാണെന്ന് ഉറപ്പിച്ചു പറയാം…കാരണം തങ്കത്തിന് തിളങ്ങാതിരിക്കാനാവില്ലല്ലോ…
ഋഷി