നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കേരളാ പോലീസിന് അഭിമാനിക്കാം. ഇതിന്റെ ക്രെഡിറ്റ് പലര്‍ക്കും നല്‍കാമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസില്‍ അതിനിര്‍ണായകമായത്. ദിലീപില്‍ നിന്നും വഴിമാറിപ്പോകുമായിരുന്ന കേസ് വീണ്ടും ദിലീപിലെത്തിച്ചത് ബൈജു പൗലോസിന്റെ അന്വേഷണ ചാതുര്യമാണ്. ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതിനു പിന്നിലും ബൈജു പൗലോസിന്റെ ചാണക്യബുദ്ധി തന്നെയായിരുന്നു.
ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി. സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകള്‍ കണ്ടെത്തി. ജോര്‍ജേട്ടന്‍സ് പൂരത്തിലെ സെല്‍ഫി പുറത്തുവന്നതും ദൃശ്യങ്ങള്‍ കണ്ടെടുത്തതുമെല്ലാം ബിജുവിന്റെ പദ്ധതിപ്രകാരമായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. പൊലീസിലെ പല ഉന്നതരും ഇത്തരം നീക്കമൊന്നും അറിയുകയും ചെയ്തില്ല. ഇതിനിടെയാണ് ടിപി സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞത്. എഡിജിപി സന്ധ്യയ്ക്കെതിരെ അന്വേഷണത്തില്‍ ചില ക്രിയാത്മക വിമര്‍ശനങ്ങള്‍ സെന്‍കുമാര്‍ ഉയര്‍ത്തിയിരുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത സാഹചര്യത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ സന്ധ്യയെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി. മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു.
അതിന് പിന്നാലെ ബൈജു പൗലോസിനെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയെന്നും സൂചന പുറത്തുവന്നു. സിബിഐയില്‍ പ്രവര്‍ത്തന പരിചയമുണ്ടെന്ന പേരില്‍ അന്വേഷണ മേല്‍നോട്ടത്തില്‍ നിയന്ത്രണം ഏറ്റെടുത്ത ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലര്‍ക്കായി വീതിച്ചു നല്കി. ഫലത്തില്‍ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയ ബൈജു പൗലോസിനെ അന്വേഷണത്തിന്റെ നിര്‍ണായക ചുമതലയില്‍ നിന്ന് മാറ്റുകയായിരുന്നു ചെയ്തത്.
എന്നിട്ടും പതറാതെ അന്വേഷണവുമായി ബൈജു മുന്നോട്ടു പോയി. അപ്പുണ്ണിയെയും നാദിര്‍ഷയെയും ജയിലില്‍ നിന്ന് താന്‍ ഫോണ്‍ വിളിച്ചുവെന്ന് സുനി പറഞ്ഞപ്പോഴേ ദിലീപിനുള്ള കുരുക്കു തയാറായിരുന്നു. എന്നിരുന്നാലും യാതൊരു പിഴവും വരാതെ അറസ്റ്റ് നടപ്പിലാക്കണമെന്ന ബൈജുവിന്റെ പദ്ധതിയാണ് അറസ്റ്റ് ഇത്രയധികം വൈകിച്ചത്. ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് ഉള്‍പ്പെടെയുളള മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നെങ്കിലും എല്ലാക്കാര്യത്തിലും ബൈജുവിന്റെ നിര്‍ണായക ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഒടുവില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തതും ഒടുവില്‍ അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നിലും ചുക്കാന്‍ പിടിച്ചത് ബിജുവായിരുന്നു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ കേരളാപോലീസ് മികവു പുലര്‍ത്തി. അന്വേഷണത്തില്‍ കിട്ടിയ എല്ലാ വിവരങ്ങളും ശരിയാണോയെന്ന് ഉറപ്പാക്കിയതിനു ശേഷമായിരുന്നു ബിജു അവസാന കരുക്കള്‍ നീക്കിയതും കളി അവസാനിപ്പിച്ചതും.