തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ്. അനുമതി തേടി ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും ബിജു രമേശ് അപേക്ഷ നല്കി. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയ പ്രത്യേക വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് തുടരന്വേഷണത്തിന് അനുമതി തേടിയത്.
പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിന് മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതി തള്ളിയത്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽ നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ബിജു രമേശ് തുടരന്വേഷണത്തിന് അനുമതിക്കായി അപേക്ഷിച്ചത്.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിൽ നിന്നു മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കൂ. ഡിസംബർ പത്തിന് കേസ് കോടതി പരിഗണിക്കും.