ചാവക്കാട്: മാമബസാറിലെ സൂപ്പർമാർക്കറ്റിൽ നിന്നും ഉപ്പും മുളകും സീരിയൽ നടന്റെ ഫോൺ നന്പർ നൽകി യുവാവിന്റെ തട്ടിപ്പ്. മാമാബസാർ സ്വദേശികളായ സുരേഷും സ്വനോപും ചേർന്നു നടത്തുന്ന മിനി സൂപ്പർ മാർക്കറ്റായ നിർമാല്യം സ്റ്റോഴ്സിലാണ് തട്ടിപ്പ് നടന്നത്.
സ്വനോപിന്റെ ഭാര്യ കവിത കടയിൽ ഇരിക്കുന്ന സമയം ഒരു യുവാവ് എത്തി സുരേഷ് 3500 രൂപ തരാൻ പറഞ്ഞുവെന്ന് കവിതയെ ധരിപ്പിച്ചു. ഉടമകളിൽ ഒരാൾ പറഞ്ഞുവിട്ടതല്ലേ എന്നു കരുതി കവിത 3500 രൂപ കൊടുത്തു.
യുവാവ് പോകുന്പോൾ തന്റെ മൊബൈൽ നന്പറും നൽകി. അതിനുശേഷമാണ് കവിത ഉടമകളെ വിളിച്ച് പണം കൊടുത്ത വിവരം പറയുന്നത്. ഇരുവരും പണത്തിനായി ആരെയും അയച്ചില്ലെന്ന് പറഞ്ഞ ഉടൻ യുവാവിന്റെ നന്പറിൽ വിളിച്ചു. ഫോണ് എടുത്തത് ‘ഉപ്പും മുളകും’ സീരിയലിലെ നായകൻ ബിജു സോപാനം. തട്ടിപ്പ് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.