കുടുംബവഴക്കിനെത്തുടര്‍ന്ന് ടവറിനു മുകളില്‍ കയറിയ യുവാവ് അര മണിക്കൂറോളം ജനത്തെ മുള്‍മുനയിലാക്കി. പൂഞ്ഞാര്‍ നടുഭാഗം മുകളേല്‍ ബിജു (32) ആണ് ഇന്നലെ നട്ടുച്ചയ്ക്ക് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം ചെറുപുഷ്പം ബില്‍ഡിംഗിലെ മൊബൈല്‍ ടവറിനു മുകളില്‍ വലിഞ്ഞുകയറിയതും താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കിയതും. പിന്നീട് ഭാര്യയും കുഞ്ഞും സ്ഥലത്തെത്തിയതോടെ ഇയാള്‍ താഴെയിറങ്ങി. മൂന്നുനില കെട്ടിടത്തിന്റെ ടെറസിലാണ് ടവര്‍ സ്ഥിതി ചെയ്യുന്നത്. ടവറിലേക്കുള്ള പ്രവേശന കവാടം പൂട്ടിയിരുന്നെങ്കിലും രണ്ടാം നിലയിലെ ചെറിയ ടെറസില്‍ നിന്നും പൈപ്പുവഴി ഇയാള്‍ മുകളിലെത്തുകയായിരുന്നു.
സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡിലെ െ്രെഡവര്‍മാരാണ് ഇയാള്‍ ടവറിനു മുകളിലേക്ക് കയറുന്നത് ആദ്യം കാണുന്നത്. ഇവര്‍ ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. അനുനയശ്രമങ്ങളുമായി നാട്ടുകാരും പോലീസും ടവറിനു താഴെ എത്തിയെങ്കിലും താഴെയിറങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഭാര്യയുമായുള്ള പിണക്കമാണ് കാരണമെന്ന് മനസിലാക്കിയ പോലീസ് ഇയാള്‍ വിളിച്ചുപറഞ്ഞ ഫോണ്നന്പരില് ഭാര്യയെ വിളിച്ച് ഉടന്‍ സ്ഥലത്തെത്തണമെന്ന് നിര്‍ദേശിച്ചു. അരമണിക്കൂറിനുള്ളില്‍ ഭാര്യയും കുട്ടിയും ടവറിനു താഴെയെത്തി. കരഞ്ഞു നിലവിളിച്ച ഇവരെ കണ്ടതോടെ യുവാവ് ടവറില്‍ നിന്നും താഴെയിറങ്ങുകയായിരുന്നുവെന്ന് സാക്ഷികള്‍ രാഷ്ട്രദീപികയോട് വ്യക്തമാക്കി. ടവറില്‍ കയറാനുള്ള മാന്‍ഹോള്‍ വഴിയാണ് ഇയാള്‍ മുകളിലെത്തിയത്.
ഇതുവഴി തന്നെ താഴെയിറങ്ങിയ ഇയാളെ പോലീസ് അനുനയിപ്പിക്കുകയും ഭാര്യയോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി തങ്ങള്‍ കായംകുളത്ത് ഒന്നിച്ച് താമസിക്കുകയാണെന്നാണ് ബിജു പോലീസിന് മൊഴി നല്‍കിയത്. ഇന്നലെ സ്വന്തം വീടായ പൂഞ്ഞാറിലേക്ക് വരുന്നതിനിടെ പാലായിലെത്തിയപ്പോള്‍ തമ്മില്‍ പിണങ്ങുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഈരാറ്റുപേട്ടയ്ക്ക് തിരിക്കാന്‍ ബസ് കാത്തുനില്‍ക്കവെയാണ് ബിജു ടവറിനുമുകളില്‍ കയറിയതായുള്ള വിവരം ഫോണില്‍ അറിയുന്നത്. ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ്.