തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും 2 കോടി തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ ട്രഷറി ജീവനക്കാരൻ ബിജു ലാലിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
വഞ്ചിയൂർ പോലീസ് അന്വേഷിച്ച കേസ് ഇന്നലെ രാത്രിയിലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. തിരുവനന്തപുരം ഡിസിപി ഡോ.ദിവ്യാ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് കമ്മീഷണർ സുൽഫിക്കറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബിജുലാൽ തിരുവനന്തപുരം ജില്ലവിട്ട് പോയിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം ഇന്നു രാവിലെ പരിശോധന നടത്തി.
ബിജുലാലിന്റെ കുടുംബാംഗങ്ങളിൾ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പിന് ഉപയോഗിച്ച സബ്ട്രഷറിയിലെ കന്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മറ്റു രേഖകൾ എന്നിവ ക്രൈംബ്രാഞ്ച് സംഘം വഞ്ചിയൂർ പോലീസിൽ നിന്ന് ഏറ്റുവാങ്ങി.
ഈ കേസിൽ ബിജുലാൽ ഒന്നാം പ്രതിയും ഭാര്യ സിമി രണ്ടാം പ്രതിയുമാണ്. സിമിയുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തത്.
അതേസമയം ബിജുലാൽ കീഴടങ്ങാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് സംഘം തള്ളിക്കളയുന്നില്ല. അഭിഭാഷകൻ മുഖേന ഇയാൾ കീഴടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്. എം.ആർ. ബിജുലാലിനെ സർവീസിൽ നിന്ന് ഇന്ന് പിരിച്ചു വിട്ടേക്കും.
സമ്മറി ഡിസ്മിസൽ വ്യവസ്ഥ പ്രകാരം നോട്ടീസ് നൽകാതെ തന്നെ ഇയാളെ പിരിച്ചുവിടാനാണ് ധനവകുപ്പിന്റെ തീരുമാനം. തട്ടിപ്പ് കണ്ടെ ത്തിയ ഉദ്യോഗസ്ഥൻ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരെയും സബ് ട്രഷറിയിൽ നിന്നു സ്ഥലം മാറ്റുകയും ചെയ്തു.
പണം തട്ടിയത് ഏഴു മാസം കൊണ്ട്
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് എം.ആർ ബിജുലാൽ കോടികൾ തട്ടിയത് ഏഴുമാസം കൊണ്ട്. 2019 ഡിസംബർ 23 മുതൽ ജൂലൈ 31വരെയുള്ള കാലയളവിലാണ് പണം മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
ഇതിൽ ഒരു അക്കൗണ്ട് ഭാര്യയുടേതാണ്. ട്രഷറിയിൽ നിന്ന് പിൻവലിച്ചത് രണ്ടു കോടി രൂപയാണെങ്കിലും 60 ലക്ഷം രൂപയാണ് ബിജുലാൽ വ്യക്തിപരമായി കൈവശപ്പെടുത്തിയതെന്ന് വഞ്ചിയൂർ പോലീസിന്റെ എഫ്ഐആർ പറയുന്നു.
പത്തു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം ബിജുലാലിന്റെ ഭാര്യ സിമിയുടേതായി ഒരു ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
എത്ര പണം തന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നോ എപ്പോൾ മാറ്റിയെന്നോ അറിയില്ലെന്ന് സിമി പറയുന്നു. ഇത്തരം കാര്യങ്ങളൊന്നും ബിജുലാൽ തന്നോട് പറഞ്ഞിട്ടില്ലെന്നും സിമി പറയുന്നു.