തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി ഫണ്ട് തട്ടിപ്പു കേസിലെ പ്രധാന പ്രതി ബിജുലാൽ അറസ്റ്റിൽ. ഇന്നുരാവിലെ തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകന്റെ ഓഫീസിലെത്തിയപ്പോഴാണ് ബിജുലാലിനെ പോലീസ് പിടികൂടിയത്.
ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ അഭിഭാഷകനെ കാണാനെത്തുമെന്ന സൂചനയിൽ പോലീസ് നിരീക്ഷണം ശക്തമായിരുന്നു. ബിജുലാൽ കീഴടങ്ങാനെത്തിയതാണെന്നാണ് അഭിഭാഷകൻ പറയുന്നത്. പിരിച്ചുവിടൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പ്രതികരിച്ചു.
വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു രണ്ടു കോടി രൂപ തട്ടിയ കേസിലാണ് സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ അറസ്റ്റിലായത്. അഭിഭാഷകന്റെ വീട്ടിൽ വച്ച് രാവിലെ ഒരു സ്വകാര്യ ചാനലുമായി അഭിമുഖം നടത്തിയിരുന്നു.
ഇതിനുശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാൻ കോടതിയിലേയ്ക്കു പോകാനൊരുങ്ങുന്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്.
ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. ബിജുലാൽ കേരള തമിഴ്നാട് അതിർത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ ഒൗദ്യോഗിക അക്കൗണ്ടിൽ നിന്നു 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഓണ്‍ലൈൻ വഴി കൈമാറി തട്ടിപ്പു നടത്തി എന്നാണ് കേസ്.
തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഫോണ്‍ ഉപേക്ഷിച്ചു സ്ഥലംവിട്ട ബിജുലാൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.