തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിർ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ പ്രതി ബിജുലാലിന്റെ ഭാര്യ സിമിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.
ആദ്യം തട്ടിയെടുത്ത 75 ലക്ഷം രൂപയിൽ നിന്ന് സഹോദരിക്കു ഭൂമി വാങ്ങാൻ പണം നൽകിയെന്നും ഇതിനു ശേഷം ഭാര്യയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങിയെന്നും അറസ്റ്റിലായ ബിജുലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
തട്ടിയെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനാലാണ് ഭാര്യയെ കേസിൽ പ്രതി ചേർത്തത്. നിലവിൽ തട്ടിയെടുത്ത രണ്ടു കോടി രൂപയ്ക്കു പുറമെ ഇതിനു മുൻപും ട്രഷറിയിൽ നിന്നു പണം തട്ടിയെടുത്തിട്ടുണ്ടെന്നും ബിജുലാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വിരമിച്ച ട്രഷറി ഓഫീസറുടെ യൂഡസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് താൻ തട്ടിപ്പ് നടത്തിയതെന്നും ഇയാൾ സമ്മതിച്ചു. ട്രഷറിയിൽ നിന്നും ഒരു ദിവസം നേരത്തേ വീട്ടിൽ പോയ ട്രഷറി ഓഫീസർ വൈകുന്നേരം തന്നോട് കന്പ്യൂട്ടർ ഓഫാക്കാൻ ആവശ്യപ്പെട്ടു.
ഇതിനായി ഓഫീസർ യൂസർ ഐഡിയും പാസ്വേഡും തനിക്ക് പറഞ്ഞു തന്നെന്നും പിന്നീട് ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് ബിജുലാൽ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. മാർച്ചിലായിരുന്നു ഇത്തരത്തിൽ യൂസർ ഐഡിയും പാസ്വേഡും നൽകിയത്.
പിന്നീട് നിരവധി തവണ ബിജുലാൽ ഇത് ഉപയോഗിച്ച് പണം തട്ടിയെന്നാണ് പോലീസ് പറയുന്നത്. അതേസമയം ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണത്തിനുള്ള സാധ്യതയും സർക്കാർ തേടുന്നുണ്ട്. ട്രഷറി വകുപ്പിലെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ സർക്കാരിനു നൽകും.
ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത് ബിജുലാല്‍ നടത്തിയ സാന്പത്തിക ക്രമക്കേടുകളെ കുറിച്ച് മാത്രമാണ് . വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷശണത്തിന് സാധ്യത തേടുന്നത്.