കോതമംഗലം: മദ്യത്തിന്റെ ലഹരി മൂത്തു പാന്പായപ്പോൾ പറന്പിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന പാന്പിനെ തല്ലിക്കൊന്ന് കറിവച്ച് ടച്ചിംഗ്സാക്കി യുവാവ്.
നേര്യമംഗലത്താണ് സംഭവം. മദ്യം കുറച്ചുകൂടി അകത്തു ചെന്നതോടെ ചേരക്കറിയെ പുള്ളിക്കാൻ പെരുന്പാന്പ് കറിയെന്നു പേരിട്ടു വിളിച്ചു. പെരുന്പാന്പിനെ കറിവച്ചതു വിൽക്കാനുണ്ടെന്നു യുവാവ് വില്പനയ്ക്കു വച്ചതോടയാണ് സംഭവം പുറത്തറിഞ്ഞത്.
മിനിറ്റുകൾക്കം ‘പെരുന്പാന്പിനെ’ കറിയാക്കിയ ഷെഫിനെ വനപാലകർ പൊക്കി. നേര്യമംഗലം വടക്കെപ്പറമ്പിൽ വി.ജെ. ബിജു (മരപ്പട്ടി ബിജു- 35) വിനെയാണ് നേര്യമംഗലം റേഞ്ചിലെ നഗരമ്പാറ സ്റ്റേഷനിലെ വനപാലകർ അറസ്റ്റ് ചെയ്തതും തുടർന്നു റിമാൻഡിലായതും. നിരവധി തടിമോഷണ കേസുകളിലെ പ്രതികൂടിയാണ് ഇയാൾ.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നേര്യമംഗലം കോളനിക്കു സീപമാണ് ബിജുവിന്റെ വീട്. ഇവിടെ ഒറ്റക്കിരുന്നു മദ്യപിക്കുന്നതിനിടയിലാണ് പറന്പിലൂടെ ചേരപ്പാന്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്.
ഉടൻ തന്നെ വടിയുമായി ചെന്നു പാന്പിനെ അടിച്ചു കൊല്ലുകയായിരുന്നു. തുടർന്നു പാന്പിന്റെ തോൽ ഉരിഞ്ഞു വറുത്ത ശേഷം കറിവച്ചു. പിന്നീട് ചേരക്കറിയും കൂട്ടി വീണ്ടും മദ്യപാനം തുടർന്നു.
ലഹരി മൂത്തതോടെ ചേരക്കറി പെരുന്പാന്പ് കറിയാണെന്ന പേരിൽ വിൽക്കാനുള്ള ഐഡിയ ബിജുവിന് തോന്നി. ഇതാണ് ബിജുവിനെ കുടുക്കിയത്.
പാന്പ് കറി വിൽക്കാൻ ശ്രമം നടക്കുന്നു എന്നറിഞ്ഞെത്തിയ വനപാലകർ തൊണ്ടിമുതലായ ചേരക്കറിയും ചട്ടിയും സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. വന്യ ജീവി സംരക്ഷിത പട്ടിക രണ്ടിൽ ഉൾപ്പെടുന്ന ഉരഗവർഗമാണ് ചേര.