ഇന്നും കുടുംബ പ്രേക്ഷകരുടേയും യുവജനങ്ങളുടെയും പ്രിയപ്പെട്ട താരങ്ങളാണ് കുഞ്ചാക്കോ ബോബനും ദിലീപും. മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ ഇവരുടെ പല പഴയ ചിത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്.
2001 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ദോസ്ത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിലീപുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സൗഹൃദം പ്രമേയമാക്കി ഒരുങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു.
ഒരിക്കല്‍ സിനിമയുടെ കാസ്റ്റിംഗിനെക്കുറിച്ചുളള അറിയാക്കഥ പങ്കുവെച്ച് സംവിധായകന് തുളസീദാസ് രംഗത്തു വന്നിരുന്നു. ഒരി ടെലിവിഷന്‍ പരിപാടിയിലാണ് ചിത്രത്തെ കുറിച്ച് സംവിധായകന് ചില വെളിപ്പെടുത്തല്‍ നടത്തിയത്. തുളസി
ദാസിന്റെ വാക്കുകള്‍ ഇങ്ങനെ…
ദോസ്ത് എന്ന സിനിമയുടെ കഥ മനസിലേക്ക് വന്നപ്പോള്‍ ബിജു മേനോന്-ദിലീപ് എന്ന കോമ്പിനേഷനിലാണ് ആദ്യം ആ സിനിമ പ്ലാന്‍ ചെയ്തത്.
ഇപ്പോള്‍ കുഞ്ചാക്കോ ബോബന് ചെയ്ത റോളില്‍ ദിലീപിനെയും, ദിലീപ് ചെയ്ത റോളില്‍ ബിജു മേനോനെയും കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. എന്നാല്‍ ദിലീപ് തന്നെ ഗൗരവമേറിയ ആ കഥാപാത്രം ചെയ്താല്‍ ഏറെ പുതുമയായിരിക്കും എന്നെനിക്കു തോന്നി.
അങ്ങനെ ദിലീപ് ചെയ്യാനിരുന്ന കഥാപാത്രത്തിലേക്ക് അന്നത്തെ പ്രണയ സിനിമകളിലെ ഹിറ്റ് നായകനായ കുഞ്ചാക്കോ ബോബനെയും പ്ലേസ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ദിലീപിനോട് ആദ്യം കഥ പറഞ്ഞു.
അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമായി, ചെയ്യാമെന്നും സമ്മതിച്ചു. പിന്നീടാണ് ആലപ്പുഴയിലുള്ള കുഞ്ചാക്കോ ബോബന്റെവീട്ടില് പോയി അദ്ദേഹത്തോട് പറയുന്നത്. പക്ഷേ കുഞ്ചാക്കോ ബോബന്റെ അച്ഛന് ഒരു സംശയം.
സിനിമയില്‍ കുഞ്ചാക്കോ ബോബനേക്കാള്‍ സ്ക്രീന്‍ സ്പേസ് കൂടുതല്‍ ദിലീപിനാണോ എന്ന്. ഞാന്‍ പറഞ്ഞു, അല്ല രണ്ടും തുല്യമാണെന്ന് പക്ഷേ എന്നിട്ടും അദ്ദേഹത്തിന് ഒരു തൃപ്തിയുണ്ടായിരുന്നില്ല.
അപ്പോള്‍ ഞാന്‍ ഇവിടെ ഒരേ സിനിമയില്‍ അഭിനയിച്ച രണ്ടു മഹാനടന്മാരെ കുറിച്ച് ഉദാഹരണം പറഞ്ഞു, സത്യനും പ്രേം നസീറും ഒന്നിച്ച് ചെയ്തിട്ടില്ലേ? മമ്മൂട്ടി-മോഹന്‍ലാല്‍ ചെയ്തിട്ടില്ലേ? സുകുമാരന്‍-സോമന്? ചെയ്തിട്ടില്ലേ അങ്ങനെ കുറച്ചു ഉദാഹരണങ്ങള്‍ പറഞ്ഞു. പിന്നെ പുതിയ തലമുറയിലെ നടന്മാര്ക്ക് എന്താണ് ഇങ്ങനെ ചെയ്യുന്നതില്‍ പ്രശ്നം.
അങ്ങനെ അവര്‍ സമ്മതിച്ചു. അവിടെ വച്ച് തന്നെ കുഞ്ചാക്കോ ബോബന് അഡ്വാന്‍സും നല്‍കുകയും ചെയ്തു-തുളസീദാസ് പറയുന്നു.
ഉദയകൃഷ്ണ, സിബി കെ. തോമസ് തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമാണ് ദോസ്ത്. 2001 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് ദിലീപിനോടൊപ്പം വന്‍ താരനിരയായിരുന്നു അണിനിരന്നത്.
കാവ്യ മാധവന്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, അഞ്ജു അരവിന്ദ് തുടങ്ങിയവരായിരുന്നു മാറ്റ് താരങ്ങള്‍. സിനിമാ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. -പിജി