തിയറ്ററുകളിലെത്തിയപ്പോള്‍ കൊവിഡ് മൂലം അധികമാരും കാണാതെ പോയ ചിത്രമായിരുന്നു “ആര്‍ക്കറിയാം’.
എന്നാല്‍ പിന്നീട് ആമസോണ്‍ പ്രൈമിലൂടെ ചിത്രം വീണ്ടും എത്തിയപ്പോള്‍ സിനിമാസ്വാദകര്‍ ഞെട്ടിയിരുന്നു. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പുകളായിരുന്നു.
ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനമാണ് ഏറെ പ്രശംസിക്കപ്പെട്ടത്. ഇട്ടിയവിര എന്ന വൃദ്ധനായെത്തി മിന്നും പ്രകടനമാണ് ബിജു മേനോന് കാഴ്ചവച്ചത്.
തന്നോട് കഥ പറയുമ്പോള്‍ മനസിലുണ്ടായിരുന്നത് റോയിയുടെ വേഷമായിരുന്നുവെന്നാണ് ബിജു പറയുന്നത്. ഇട്ടിയവിരയ്ക്കായി തന്റെ അച്ഛനെയാണ് മാതൃകയാക്കിയയെതന്നും ഒരഭിമുഖത്തില്‍ ബിജു മേനോന് പറഞ്ഞു.
ചിത്രത്തിന്റെ കഥ പറഞ്ഞ് കഴിഞ്ഞ് സംവിധായകന് ഇതില്‍ ഏത് വേഷം ചെയ്യാനാണ് ആഗ്രഹമെന്ന് ബിജുവിനോടു ചോദിക്കുകയായിരുന്നു.
അതെന്താ അങ്ങനൊരു ചോദ്യം. റോയി, അതല്ലേ എന്റെ കഥാപാത്രം എന്നായിരുന്നു ബിജു മേനോന് നല്കിയ മറുപടി.
മറ്റേ വേഷമായാലോ, ഇട്ടിയവിര എന്ന് സാനു തിരിച്ച് ചോദിച്ചു. അങ്ങേര്‍ക്ക് പത്തെഴുപത്തഞ്ചു വയസില്ലേ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന ശങ്ക ബിജു പങ്കുവച്ചു.
ബിജുവിനെയാണ് തങ്ങള്‍ ആ കഥാപാത്രമായി കണ്ടതെന്ന് സാനു പറഞ്ഞതോടെ ആലോചിക്കാന്‍ രണ്ട് ദിവസം ബിജു മേനോന് ആവശ്യപ്പെടുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം സംയുക്തയോടും ബിജു മേനോന് ഇതേക്കുറിച്ച് പറഞ്ഞു. റിസ്ക് എടുക്കണോ അല്പമൊന്ന് പാളിപ്പോയാല്‍ പ്രശ്നമാകില്ലേ എന്നായിരുന്നു സംയുക്തയുടേയും മറുപടി.
എന്നാല്‍ പിന്നീട് തന്റെ അച്ഛന്റെ പഴയ ഒരു ഫോട്ടോ കണ്ടതും മനസിലേക്ക് ഇട്ടിയവിര കടന്നു വന്നു. അതേരൂപം.
ഈ ഫോട്ടോ സാനുവിന് അയച്ചു കൊടുത്തു. അങ്ങനെയാണ് ബിജു മേനോന് ഇട്ടിയവിരയായി മാറുന്നത്.
ചിത്രം കണ്ട സംയുക്തയും ഏട്ടന്മാരും ഏടത്തിമാരുമെല്ലാം പറയുന്നത് അച്ഛനെ പറിച്ചുവച്ചത് പോലുണ്ടെന്നാണ് ബിജു മേനോന് പറയുന്നത്.
ഇട്ടിയവിര ഒരു ഞാണിന്മേല് കളിയായിരുന്നുവെന്നാണ് ബിജു മേനോന് പറയുന്നത്. 72-73 വയസുണ്ട്, വിരമിച്ച കണക്ക് മാഷാണ്,
സുറിയാനി ക്രിസ്ത്യാനിയാണ്. ഇതെല്ലാം അയാളുടെ ശരീരത്തിലും സംസാരത്തിലുമെല്ലാം കടന്നു വരണം. അത് സിനിമയിലുടനീളം പാലിക്കണം. ഇത്തരമൊരു കഥാപാത്രം മുമ്പ് ചെയ്ത് പരിചയവുമില്ല.
എന്നാല്‍ സംവിധായകന് സാനു ജോണ്‍ വര്‍ഗീസ് നല്കിയ സ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ കറക്ഷനുകളുമെല്ലാമാണ് ആ വെല്ലുവിളിയെ മറികടക്കാന്‍ സഹായിച്ചതെന്ന് ബിജു മേനോന് പറയുന്നു.
ഈ ചിത്രം തനിക്ക് ഒരുപാട് നൊസ്റ്റാള്‍ജിയ സമ്മാനിച്ചുവെന്നും ബിജു മേനോന് പറയുന്നുണ്ട്.
കുട്ടിക്കാലത്ത് ചക്ക മുറിച്ച് പങ്കു വയ്ക്കുന്നതും, കത്തി കാൽവിരലിന്റെ ഇടയില്‍ വച്ച് ഇറച്ചി മുറിക്കുന്നതുമെല്ലാം ഓര്മ വന്നുവെന്നും ആ ഓര്‍മകളില്‍ നിന്നുമാണ് അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു. കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങി വരുന്ന ദമ്പതികളായാണ് ചിത്രത്തില്‍ ഷറഫുദ്ദീനും പാര്വതിയുമെത്തുന്നത്. പാര്‍വതിയുടെ അച്ഛന്റെ വേഷമാണ് ബിജു മേനോന് ചെയ്തിരിക്കുന്നത്.