ഞാൻ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത് സീരിയലുകൾക്ക് ഭയങ്കര ആരാധകരുള്ള സമയത്താണ്. സിനിമയിൽ വന്നശേഷവും എനിക്ക് ധാരാളം കത്തുകൾ കിട്ടുമായിരുന്നു.
അത് പൊട്ടിച്ചുവായിക്കൽ വലിയ ചടങ്ങാണ്. ഞാനും കൂട്ടുകാരും കൂടിയിരുന്നാണ് കത്തു വായിക്കൽ. പെൺകുട്ടികളുടെ കത്തുകളാണു വായിക്കുന്നത്.
ഭയങ്കര രസമുള്ള ഏർപ്പാടായിരുന്നു. അമ്മയാണ് ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. അമ്പലത്തിലെ പ്രസാദം, മയിൽപ്പീലി തുടങ്ങിയ പൈങ്കിളി സംഭവങ്ങളും കിട്ടിയിരുന്നു.
എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും.
ഒരിക്കലും ഡാമിന്റെ മുകളിലൂടെ നടക്കരുത്. കാലിടറി വീഴാൻ ചാൻസ് ഉണ്ട് എന്നൊക്കെ പറഞ്ഞാണ് ആ കുട്ടി കത്തെഴുതിയിരുന്നത്.
പരസ്പര ബന്ധമില്ലാത്ത കത്തുകളായിരുന്നു ആ കുട്ടിയുടേത്. കല്യാണം കഴിഞ്ഞതിനു ശേഷം ആ ഐറ്റം നിന്നു. ഇഷ്ടം തോന്നിയിട്ടുള്ള നല്ല ഭാഷയിലുള്ള ചില കത്തുകളൊക്കെ എടുത്തു വച്ചിരുന്നു.
അതിലെ ചിലരോടൊക്കെ ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. -ബിജു മേനോൻ