കൊച്ചി: കുമ്പളങ്ങിയിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ ഇനി പിടിയിലാകാനുള്ളതു പ്രധാന പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി. കുന്പളങ്ങി സ്വദേശി ആന്റണി ലാസര്‍ (39) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി ബിജു, ഇയാളുടെ സുഹൃത്ത് എന്നിവരെയാണു ഇനി അറസ്റ്റ് ചെയ്യാനുള്ളത്.
ബിജുവിന്റെ ഭാര്യ തറേപ്പറമ്പില്‍ മാളു എന്നു വിളിക്കുന്ന രാഖി(22), ബിജുവിന്റെ മറ്റൊരു സുഹൃത്ത് കുമ്പളങ്ങി സ്വദേശി പുത്തങ്കരി സെല്വന് (53) എന്നിവരെയാണ് ഇന്നലെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇനി പിടിയിലാകാനുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു. മൃതദേഹം മറവു ചെയ്യുന്നതിനടക്കം പ്രതികള്‍ക്കു സൗകര്യം ഒരുക്കി നല്കിയതിനാണു രാഖിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഒന്‍പതിനാണ് ലാസറിനെ കാണാതാകുന്നത്. സംഭവത്തില്‍ പള്ളുരുത്തി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഒന്നാം പ്രതി ബിജുവിന്റെ വീടിനടുത്തുള്ള ചതുപ്പില്‍ അഴുകിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരിച്ച ലാസറും സഹോദരനും ചേര്‍ന്നു ബിജുവിനെ നാലുവര്‍ഷം മുന്‍പ് ദേഹോപദ്രവം ഏല്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു.
വഴക്ക് പറഞ്ഞുതീര്‍ക്കാമെന്നു വിശ്വസിപ്പിച്ച് ലാസറിനെ ബിജുവിന്റെ വീട്ടിലെത്തിച്ചശേഷം ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനുശേഷം ലാസറിനെ മര്‍ദിച്ചു കൊലപ്പെടുത്തി.
മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള പാടവരമ്പത്ത് കുഴിയെടുത്ത് മൂടുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.