നെടുങ്കണ്ടം: വഴിയിൽ നഷ്ടപ്പെട്ട വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി പോലീസ് ഉടമയ്ക്ക് കൈമാറി.
നെടുങ്കണ്ടം ടൗണിൽ തിങ്കളാഴ്ചയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. ടൗണിലെ ബാങ്കിൽ പണയം വച്ചിരുന്ന ആഭരണങ്ങൾ തിരികെയെടുത്തശേഷം വീട്ടിലേക്ക് പോകുംവഴി വീട്ടമ്മയുടെ കൈയിൽനിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് നഷ്ടപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി അറിയുന്നത്.
ഉടൻതന്നെ വീട്ടുകാരും അയൽവാസികളും ചേർന്ന് ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ നെടുങ്കണ്ടം എസ്ബിഐ ബാങ്കിനു മുൻവശത്തുള്ള വ്യാപാര സ്ഥാപനത്തിനു മുന്പിലായി പഴ്സ് നഷ്ടപ്പെടുന്നതും പിന്നീട് ഇത് ഒരാൾ എടുക്കുന്നതായും കണ്ടെത്തി.
വിശദമായ പരിശോധനയിൽ യൂണിഫോം ധരിച്ച വിദ്യാർഥിയാണ് ഇത് എടുത്തതെന്ന് തിരിച്ചറിഞ്ഞു.
യൂണിഫോമിന്റെ നിറം അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്തെ ഒരു കോളജിലെ വിദ്യാർഥിയാണെന്ന് മനസിലാകുകയും ഇന്നലെ ഈ വിദ്യാർഥിയെ കണ്ടെത്തുകയും ചെയ്തു.
സ്വർണാഭരണങ്ങൾ എന്തുചെയ്യണമെന്നറിയാതെ സൂക്ഷിച്ചതാണെന്നാണ് വിദ്യാർഥി പറഞ്ഞത്. അഞ്ച് മോതിരവും ഒരു മാലയും ഉൾപ്പടെ രണ്ടര പവനാണ് പഴ്സിൽ ഉണ്ടായിരുന്നത്.
സ്വർണാഭരണങ്ങൾ തിരിച്ചുകിട്ടിയതിനാൽ വീട്ടമ്മ പരാതി പിൻവലിച്ചു. സ്വർണാഭരണങ്ങൾ പോലീസ് ഇവർക്ക് തിരികെ നൽകുകയും ചെയ്തു.