പരിയാരം: മണല്‍ ലോറികള്‍ക്ക് എസ്കോര്‍ട്ട് പോകുന്നതിന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്നത് പതിവായി. വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ ബൈക്ക് തോട്ടീക്കീല് കല്ലടിയിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. തോട്ടീക്കല്‍ കുടപൊയില് ചപ്പന്‍ ഹംസ ഹാജിയുടെ കെഎല്‍ 59 എച്ച് 1335 പള്‍സര്‍ ബൈക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുമുറ്റത്തുനിന്നും കാണാതായത്. പരിയാരം പോലീസില്‍ പരാതിനല്‍കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിവരികയുമായിരുന്നു. ഇന്നലെ രാവിലെയോടെ തോട്ടീക്കല്‍ കല്ലടിയിലെ ഒരു പൊട്ടക്കിണറ്റിലാണ് നാട്ടുകാര്‍ ബൈക്ക് കണ്ടെത്തിയത്.
ഏറെ നേരം പണിപ്പെട്ട് കരയിലേക്ക് കയറ്റിയ ബൈക്കിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സജീവമായിരിക്കുന്ന മണല്‍ മാഫിയയാണ് ബൈക്ക് മോഷണത്തിന് പിറകിലെന്ന് സംശയിക്കുന്നു. പൂഴി കടത്തുന്ന ലോറികള്‍ക്ക് എസ്കോര്‍ട്ട് പോകാനാണ് മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. പരിയാരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായിരുന്ന രാജനെ വധിക്കാന്‍ ശ്രമിച്ച മണല്‍ വേട്ടസംഘം വീണ്ടും പരിയാരം പ്രദേശത്തെ കടവുകളില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍, പോലീസ് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.