റോബിൻ ജോർജ്
കാലവര്‍ഷം ശക്തമാകുന്നതോടെ ഇരുചക്ര വാഹന യാത്രികർക്കു മുന്നിലുള്ളത് ഏറെ ബുദ്ധിമുട്ടു നിറഞ്ഞ ദിവസങ്ങളാണ്. കരുതലോടെയും ശ്രദ്ധാപൂര്‍വവും വാഹനം ഓടിച്ചില്ലെങ്കില് വന്‍ അപകടങ്ങളാകും ക്ഷണിച്ചുവരുത്തുക. ഹെല്‍മറ്റ് അണിഞ്ഞും മുന്‍കരുതലുകള്‍ സ്വീകരിച്ചും വാഹനം ഡ്രൈവ് ചെയ്യേണ്ടതു കാലവര്‍ഷത്തില്‍ അത്യന്താപേക്ഷിതമാണ്. യാത്രികര്‍ ഒരു കാരണവശാലും ഹെല്‍മറ്റ് ഉപയോഗത്തില്‍നിന്നു പിന്തിരിയരുതെന്നു മാത്രമല്ല സാധ്യമെങ്കില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍കൂടി ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് അധികൃതര്‍ പറയുന്നു. പരിശോധനകളെ പേടിച്ച് ഹെല്‍മറ്റ് ഉപയോഗിക്കുന്നവരാണു ബൈക്ക് യാത്രികരില്‍ അധികംപേരും. അപകടം ക്ഷണിച്ചുവരുത്തുക എളുപ്പമാണെങ്കിലും ഇതില്‍നിന്നു രക്ഷപ്പെടുക പലപ്പോഴും അസാധ്യവുമാണ്. കാലവര്‍ഷത്തില്‍ ബൈക്ക് യാത്രികര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഒരെത്തിനോട്ടം…
ഡൂപ്ലിക്കേറ്റ് ഒഴിവാക്കണം
ഹെല്‍മറ്റുകള്‍ വാങ്ങുമ്പോള്‍ ഡൂപ്ലിക്കേറ്റ് ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗുണനിലവാരമുള്ളവ വാങ്ങണം. കാണാന്‍ ഷോയ്ക്കു വയ്ക്കുന്ന ഹെല്‍മറ്റുകളും ഇരുണ്ട ഗ്ലാസോടുകൂടിയ ഹെല്‍മറ്റുകളും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. കൂടുതല്‍ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിന്‍ ഗ്ലാസോടു കൂടിയ ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നു മാത്രമല്ല സ്ട്രാപ്പ് ഇല്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നതു കഴിവതും ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്ട്രാപ്പ് ഉണ്ടെങ്കിലും ഇതു പലരും ഉപയോഗിക്കുന്നില്ലെന്നതാണു സത്യം. സ്ട്രാപ്പ് ഇടുന്നത് ഒഴിവാക്കരുതെന്നും നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിച്ചാല്‍ ഹെല്‍മറ്റിന്റെ പൂര്‍ണ സംരക്ഷണം ലഭിക്കാന്‍ സ്ട്രാപ്പ് ഇടയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വില അല്‍പ്പം കൂടുതലാണെങ്കിലും ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മറ്റുകള്‍ മാത്രം ഉപയോഗിക്കുക. വേഗത്തില്‍ സഞ്ചരിക്കുവാന്‍ തത്പരരായ ന്യൂജന്‍ യുവാക്കള്‍ ബൈക്ക് യാത്രയില്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബൈക്കുകള്‍ വാങ്ങുമ്പോള്‍ വാഹന ഡീലര്‍മാര്‍ നല്കുന്ന ഹെല്‍മറ്റുകളില്‍ ഭൂരിഭാഗവും സുരക്ഷാ മാനദനണ്ഡങ്ങള്‍ പാലിച്ചുള്ളവയാകും.
പ്രകടനങ്ങള്‍ അപകടം
പെണ്‍കുട്ടികളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ ആളാകാനായി യാത്രയ്ക്കിടെ നടത്തുന്ന വിവിധ പ്രകടനങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നതിന് ഇടയാകും. ഇതു പൂര്‍ണമായി ഒഴിവാക്കണമെന്നു മാത്രമല്ല ബൈക്ക് ഓടിക്കുമ്പോള്‍ ശ്രദ്ധ മറ്റൊന്നിലും ആകരുതെന്നും വിദഗ്ധര്‍ പറയുന്നു. മഴ നനയാതിരിക്കാൻ വിവിധ തരത്തിലുള്ള മാര്‍ഗങ്ങള്‍ ബൈക്ക് യാത്രികര്‍ സ്വീകരിക്കാറുണ്ട്. കണ്ണിനു മുകളില്‍ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുക, ഒരു കുട കൈയില്‍ പിടിച്ചും മറ്റേ കൈയിൽ ആക്സിലേറ്ററുമായും വാഹനം ഓടിക്കുക തുടങ്ങിയ അഭ്യാസങ്ങളൊക്കെ ഒഴിവാക്കണം.
വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്നു കുട നിവര്‍ത്തി ഡ്രൈവിംഗിനെ സഹായിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. കാറ്റ് കൊണ്ടു കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഒരു കൈയില്‍ മാത്രം ബൈക്ക് നിയന്ത്രിക്കുന്നതു വന്‍ അപകടമാകും ഉണ്ടാക്കുക. മഴയില്‍ റോഡിന്റെ ശരിയായ അവസ്ഥ മനസിലാക്കാതെ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന മറ്റൊരു വഴിയാണു ബ്ളൂടൂത്ത് ഉപകരണത്തിന്റെ ഉപയോഗം. പാട്ടുകേട്ടും യാത്രയ്ക്കിടെ വരുന്ന കോളുകള്‍ സ്വീകരിക്കാമെന്നതാണു ബ്ളൂടൂത്ത് ഉപയോഗം വര്‍ധിക്കുന്നത്. ഇതും അപകടകാരണമായേക്കാം. വില കൂടിയ മൊബൈല്‍ ഫോണുകള്‍ നനയാതിരിക്കാന്‍ സുരക്ഷിത സ്ഥാനങ്ങളില്‍ മൊബൈല്‍വച്ച്, അതില്‍നിന്നും ഇയര്‍ഫോണ്‍ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്നവര്‍ കുറവല്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരോട് പറയാനുള്ളത് ഒന്നുമാത്രം-ജീവിതകാലം മുഴുവന്‍ കിടപ്പില്‍ തന്നെ പാട്ട് കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ അത്തരം ശീലങ്ങള്‍ ഒഴിവാക്കുക.
നിയമങ്ങൾ പാലിക്കുക
കുതിച്ചുപായുന്ന ടൂവീലര്‍ വിരുതന്മാര്ക്കു ട്രാഫിക് സിഗ്നലുകളും സ്പീഡ് പരിധികളും ഒരു പ്രശ്നമേയല്ല. മുന്നോട്ടുപോകുന്നതിനുള്ള അനുമതിക്കായി സിഗ്നലുകളിലും ജംഗ്ഷനുകളിലും കാത്തുകിടക്കുമ്പോള്‍ ഏറ്റവും ആദ്യം കുതിച്ചുപായുവാന്‍ വെമ്പുന്നവരാണു ബൈക്ക് യാത്രികര്‍. ഇത് ഒഴിവാക്കണം. സഞ്ചാരത്തിനിടെ വാഹനം റോഡുകളില്‍ ലൈന്‍ മാറ്റുമ്പോള്‍ അപകടങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. ഇതൊക്കെ അറിയാമെങ്കിലും ബ്ലോക്കുകളിലും മറ്റും ലൈന്‍ വെട്ടിച്ചു വെട്ടിച്ച് മുന്നേറുന്ന ഒട്ടേറെ ടൂവീലര്‍ യാത്രികരെ കാണാം. ഇത്തരത്തില്‍ എത്തുന്ന ബൈക്ക് യാത്രികർ കാര്‍ യാത്രികര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്പ്പെടില്ലെന്നതും അപകടം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശ്രദ്ധയോടെ ലൈൻ മാറണമെന്നു മാത്രമല്ല മുന്‍കൂര്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രകാശിപ്പിച്ച് മാത്രം റൈഡ് ചെയ്യുക.
മുന്‍വിധിയല്ല വേണ്ടത്
നിരത്തുകളില്‍ പോലീസോ മോട്ടോര്‍ വാഹന വകുപ്പോ ഉണ്ടാകില്ലെന്ന ധാരണയില്‍ ഹെല്‍മറ്റ് ഇല്ലാതെയും മദ്യപിച്ചുമാണു പലരും നിരത്തുകളിലേക്കു വാഹനങ്ങളുമായി ഇറങ്ങുന്നത്. ഇത് ഒഴിവാക്കണമെന്നു മാത്രമല്ല ഇത്തരം തെറ്റായ തീരുമാനങ്ങള്‍ അപകടത്തിനും കാരണമാകും. ഇതിനുപുറമെ ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ടു ടൂ വീലര്‍ ഡ്രൈവര്‍മാര്‍ രണ്ടു കൈയും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ചാകണം വാഹനം ഓടിക്കേണ്ടത്. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത് സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്. ഏതെങ്കിലും തരത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാന്‍ ഇതു സഹായകമാകും.
ഒരുങ്ങുക ഒപ്പം ഒരുക്കുക
മഴക്കാലത്തു ബൈക്ക് യാത്രികര്‍ മാത്രം ഒരുങ്ങിയാല്‍ പോരാ. വാഹനവും സജ്ജമാക്കേണ്ടിയിരിക്കുന്നു. വാഹനത്തിന്റെ ടയര്‍, ബ്രേക്ക്, ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഇവ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍, നമ്മള് ഉദ്ദേശിക്കുന്ന സ്ഥലത്തു ബൈക്ക് നില്ക്കണമെങ്കില് ടയര്‍ മികച്ചതാവണം.
വാഹനത്തിന്റെ ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടണം. മഴക്കാലത്തു മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിര്‍വശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ഡിപ് ചെയ്തു ശ്രദ്ധ കൂട്ടുന്നതു നല്ലതാകും. ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കൂടാതെ ശരിയായ ബസറുകളുടെ ഉപയോഗം, ഇന്‍ഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാന്‍ ഓര്‍മിപ്പിക്കുന്നു.