നവാസ് മേത്തർ
കേരളത്തിലെ തലസ്ഥാനം ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ ഉന്നതരുടെ മക്കൾ രാത്രികാലങ്ങളിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനങ്ങൾക്കായി ഇറങ്ങുന്നതു പതിവ്.
തലസ്ഥാനത്തെ രാജ്ഭവൻ റോഡ് പോലും ഇവർ കൈയടക്കി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. രാത്രിയായാൽ പ്രധാന റോഡുകളെല്ലാം ഇത്തരക്കാരുടെ കൈയിലാണ്.
ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും മക്കളാണ് പലപ്പോഴും ഈ സംഘത്തിലുണ്ടാകുക. രാജ്ഭവൻ റോഡിൽ കൗമാരക്കാരുടെ വേഗപ്രകടനം കണ്ട് ഭയന്നിട്ടുണ്ട്. അഭ്യാസ പ്രകടനങ്ങൾക്കിടയിൽ മരണവും നടന്നിട്ടുണ്ട്.
നടപടി എടുക്കാനോ പുറത്തു പറയാനോ സാധിച്ചിട്ടില്ല. ഒരിക്കൽ പട്രോളിംഗിനിടയിൽ അർധ രാത്രിയിലെ നിയമ വിരുദ്ധമായ ഈ പ്രകടനങ്ങൾ തടയാൻ ശ്രമിച്ചപ്പോൾ ഉന്നതങ്ങളിൽനിന്നു താക്കീതാണ് തനിക്കു ലഭിച്ചതെന്നും തിരുവനന്തപുരത്തുനിന്ന് അസിസ്റ്റന്റ് കമ്മീഷണർ ആയി വിരമിച്ച ഒരു ഉദ്യാഗസ്ഥൻ രാഷ്ട്ര ദീപികയോടു പറഞ്ഞു.
പിന്നിൽ മാഫിയയും
വാഹനങ്ങളിലെ അഭ്യാസ പ്രകടനക്കാർക്കു പിന്നിൽ ലഹരി വ്യാപാര പിന്തുണയുള്ള വാഹന ഓൾട്രേഷൻ നടത്തുന്ന ചില സംഘങ്ങളും പ്രവർത്തിക്കുന്നതായി മോട്ടോർ വാഹന വകുപ്പും പോലീസും നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഭ്യാസപ്രകടനം ഹരമാക്കിയ നിരവധി യുവതീയുവാക്കളാണ് ഈ സംഘങ്ങളുടെ വലയിൽ പെട്ടിട്ടുള്ളത്.
അർധ രാത്രിയിൽ ഓഫ് റോഡുകളിലും ആളൊഴിഞ്ഞ പാതകളിലും ഈ സംഘം പന്തയം വച്ചുള്ള വാഹന റേസിംഗ് നടത്തുക പതിവാണ്. ലക്ഷങ്ങൾ മുടക്കി ഓൾട്ടർ ചെയ്ത വാഹനങ്ങളാണ് ഈ റേസിംഗിൽ പങ്കെടുക്കുന്നത്.
ഇങ്ങനെ റേസിംഗിന് എത്തുന്ന ആഡംബര വാഹന ഭ്രമക്കാരായ യുവതീ – യുവാക്കളെ തന്ത്രത്തിൽ ലഹരിയുടെ പിടിയിലേക്ക് എത്തിക്കുകയാണ് ലഹരി മാഫിയ ചെയ്തു വരുന്നത്. വാഹന വിലയേക്കാൾ കൂടുതൽ ഓൾട്രേഷനു വേണ്ടി ചെലവാക്കിയ യുവാക്കളുമുണ്ട്.
ചില മിഡിൽ ക്ലാസ് കുടുംബങ്ങളിലെ യുവാക്കൾ ഈ മാഫിയയുടെ വലയിൽപെട്ടു തങ്ങളുടെ വാഹനങ്ങൾ ഓൾട്ടർ ചെയ്തു കടക്കെണിയിലായിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, നിയമങ്ങൾ പാലിച്ചുകൊണ്ടു വാഹനങ്ങൾ ഓൾട്ടർ ചെയ്ത നൽകുന്ന നല്ല സ്ഥാപനങ്ങളും സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. അവർക്കുകൂടി ദോഷം വരുന്ന രീതിയിലാണ് ചില സംഘങ്ങളുടെ പ്രവർത്തനം.
ലോക് ഡൗൺ കാലത്തു റോഡുകൾ വിജനമായപ്പോൾ അർധ രാത്രിയിലെ ഓൾട്രേഷൻ വാഹനങ്ങളുടെ റേസിംഗ് സജീവമായതെന്നും പിന്നീട് ഇത് ഒരു മാഫിയയായി വളരുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.
(തുടരും)