അപകടങ്ങളോ സമാനമായ എന്തെങ്കിലുമോ സംഭവിച്ച് വഴിയില്‍ എത്രസമയം കിടന്നാലും തിരിഞ്ഞുപോലും നോക്കാത്തവരായി മാറിയിരിക്കുന്നു മലയാളി എന്ന് വിവിധ സംഭവങ്ങളിലൂടെ ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വീണു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും അത് പ്രചരിപ്പിക്കാനുമാണ് ബഹുഭൂരിപക്ഷം ആളുകള്‍ക്കും താത്പര്യവും.
മനസാക്ഷി മരവിച്ചവരായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളി അനുദിനമെന്നതിന് പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മത്സ്യത്തൊഴിലാളി സ്ത്രീയെ ബൈക്കിടിച്ച് വീഴ്ത്തിയപ്പോഴും ഇതുതന്നെയാണ്് സംഭവിച്ചത്. ആരും തിരിഞ്ഞുനോക്കിയില്ല.
അഞ്ചുതെങ്ങ് സ്വദേശിയായ മല്‍സ്യത്തൊഴിലാളി സ്ത്രീ മല്‍സ്യവില്‍പ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ വന്ന ബൈക്ക് ഇവരെ ഇടിച്ചിടുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. അഞ്ച് മിനിറ്റോളം അവര്‍ റോഡില്‍ കിടന്നു. ബൈക്ക് അതേ വേഗതയില്‍ ഓടിച്ചുപോവുകയും ചെയ്തു. വഴിയില്‍ ആരോരും നോക്കാനില്ലാതെ കിടന്നത് 45 വയസ്സുള്ള ഫിലോമിനയാണ്.
നിരവധി വാഹനങ്ങള്‍ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാമെങ്കിലും ആരും തിരിഞ്ഞൊന്നു നോക്കുന്നില്ല. ചിറയിന്‍കീഴ് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവരെത്തും മുമ്പ് ഒരു ഓട്ടോ ഡ്രൈവറും മറ്റുമൂന്നാലുപേരും ചേര്‍ന്ന് ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാക്കുകയായിരുന്നു. സ്ത്രീ ആരോഗ്യം വീണ്ടെടുത്തു എന്നാണറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്തൊക്കെ, എത്രയൊക്കെ കണ്ടാലും മനസിനും മനോഭാവത്തിനും മാത്രം മാറ്റം വരുന്നുമില്ല എന്നതാണ് വിചിത്രം.