കോട്ടയം: റോഡിൽ അപകടങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും കർശന പരിശോധനകൾ ശക്തമാക്കി. അപകടത്തിൽപ്പെടുന്നതു കുടൂതലും ഇരുചക്ര വാഹനങ്ങളാണ്.
കോവിഡ് കാലത്തിനുശേഷം അടുത്ത നാളിൽ അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. നിരവധി അപകടങ്ങളാണ് ജില്ലയിലെ വിവിധ റോഡുകളിൽ ദിവസവും നടക്കുന്നത്. അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല.
കോവിഡ് കാലത്തിനുശേഷം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ റോഡിലുണ്ടാകുന്ന അപകടങ്ങളും വർധിച്ചു. ഈ സാഹചര്യങ്ങൾ മുൻ നിർത്തിയാണു കൂടുതൽ പരിശോധനകൾ നടത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ പരിശോധനകൾ നടത്തുന്നത്.
ഇതിനു പുറമേ അപകടങ്ങളിൽപ്പെടുന്ന ന്യുജനറേഷൻ ബൈക്കുകളുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് ന്യുജനറേഷൻ ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും പറയുന്നു.
ശക്തമായ ഇരുചക്ര വാഹനപരിശോധന നടത്താൻ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് സ്ക്വാഡ് അംഗങ്ങൾ മുഴുവൻ സമയവും ജില്ലയിലെ വിവിധ റോഡുകളിലുണ്ട്.
ഇവർക്കു പുറമെ ആധുനിക സജ്ജീകരണങ്ങൾ ഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിന്റെ വാഹനവും ഹൈവേ പോലീസും കണ്ട്രോൾ റൂം പോലീസും റോഡിലെ പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിലും അമിതവേഗതയിൽ സഞ്ചരിക്കുന്നവരെ പിടികൂടാനും അധികൃതർ റോഡിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. റോഡിലെ അപകടങ്ങൾ പരമാവധി കുറയ്ക്കാനാണു മോട്ടോർ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്.