വടക്കഞ്ചേരി: ബൈക്ക് അപകടത്തിൽ മരിക്കുന്നവരുടെയും പരിക്കു പറ്റുന്നവരുടെയും എണ്ണം മേഖലയിൽ പെരുകി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ദേശീയപാതയിലും ഉൾപ്രദേശങ്ങളിലുമുണ്ടായ ബൈക്ക് അപകടങ്ങളിൽ ആറുപേർ മരിച്ചു. അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 15ന് മംഗലംഡാം റോഡിൽ ചിറ്റടിയിലും മണപ്പാടത്തുമുണ്ടായ രണ്ടു വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ടു യുവാക്കളാണ് മരിച്ചത്.
ചിറ്റടിയിലുണ്ടായ അപകടത്തിൽ ഒടുകൂർ ശിവൻകോവിലിനുസമീപം കുട്ടപ്പന്റെ മകൻ ലിജു (28)വും മണപ്പാടത്തുണ്ടായ അപകടത്തിൽ തച്ചനടി മാണിക്യന്റെ മകൻ കർണൻ എന്ന കൃഷ്ണദാസുമാണ് (34) മരിച്ചത്. ഈ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
17ന് ദേശീയപാത മേരിഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വാൽക്കുളന്പ് പുന്നൂരാൻ തങ്കപ്പൻ (71) മരിച്ചു.20ന് ദേശീയപാത പന്നിയങ്കരയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന തരൂർ മരുതക്കോട് മോഹനന്റെ ഭാര്യ സീന (36) മരിച്ചു.
24ന് ദേശീയപാത കല്ലിങ്കൽപാടം റോഡ് ജംഗ്ഷനിൽ കഐസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവസൈനികൻ മരിച്ചു. എളനാട് പുത്തൻപുരയ്ക്കൽ സുനിലിന്റെ മകൻ വിഷ്ണു (26)വാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബിനിലിനും ഗുരുതരമായി പരിക്കേറ്റു.
രണ്ടുദിവസംമുന്പ് 30ന് ദേശീയപാത വാണിയന്‍പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വാണിയന്പാറ ഭഗവതിപറന്പിൽ ജയൻ എന്ന യുവാവും മരിച്ചിരുന്നു.ബൈക്ക് അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഈയിടെയായി പെരുകുകയാണ്.