തൃശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിൻസ് കുര്യനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്.
സ്കൂട്ടറിൽ ബിൻസിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റു. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബിൻസ് റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും, കാറിന്റെ മുൻവശം ഭാഗികമായും തകര്‍ന്നു.