വടക്കഞ്ചേരി (പാലക്കാട്): ചുവട്ട്പാടത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറിയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശികളായ യുവാവും യുവതിയും മരിച്ചു.
കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ ഷീബയുടെ മകൻ സനൽ (25), ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കോട്ടയം ചങ്ങനാശേരി പെരുമ്പറച്ചി വെള്ളിപ്പറമ്പിൽ ഫ്രാൻസിസ് മകൾ ഇവോൺ (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം.
റോഡരികിൽ നിർത്തിയിട്ടിരുന്ന കെഎ 51 എഎച്ച് 3589 നമ്പർ ലോറിക്കു പിറകിലാണ് കെഎൽ 39എ 4515 നമ്പർ ഗ്ലാമർ മോട്ടോർ ബൈക്ക് ഇടിച്ചത്. സനൽ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവോണിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഫിലിം എഡിറ്റിംഗ് ജോലിയാണ് മരിച്ച സനലിന്. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് വാഹനം നിർത്തരുതെന്ന് വലിയ വാഹനങ്ങൾക്കു നിർദേശം നൽകിയിരുന്നതായി പോലീസ് പറഞ്ഞു.